
റിയാദ്: റിയാദ് രാജ്യാന്തര വിമാനത്താവളത്തിന് നേരെയുണ്ടായ മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ പ്രതിരോധിക്കാൻ വ്യോമപ്രതിരോധ സംവിധാനങ്ങൾക്ക് സാധിക്കാതെ പോയതിനെക്കുറിച്ച് സൗദി അറേബ്യ ഉന്നതതല അന്വേഷണം ആരംഭിച്ചു. ഇറാൻ പിന്തുണയുള്ള ഹൂതി വിമതർ നടത്തിയ ശക്തമായ ആക്രമണത്തിൽ ഒരു ഇന്ത്യൻ പൌരനും ഒരു യു.എസ് പൗരനും ഉൾപ്പെടെ 13 പേർ കൊല്ലപ്പെടുകയും മുന്നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ആക്രമണത്തെത്തുടർന്ന് റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം ഇപ്പോഴും അടഞ്ഞുകിടക്കുകയാണ്.
മിസൈലുകളെ തടയുന്നതിനുള്ള പേട്രിയറ്റ് ഉൾപ്പെടെയുള്ള പ്രതിരോധ സംവിധാനങ്ങളെ നിർവീര്യമാക്കാൻ ലക്ഷ്യമിട്ടാണ് ഹൂതികൾ ആക്രമണം ആസൂത്രണം ചെയ്തതെന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആദ്യം നിരവധി ഡ്രോണുകൾ അയച്ച് പ്രതിരോധ സംവിധാനങ്ങളെ വഴിതിരിച്ചുവിട്ട ശേഷമാണ് ക്രൂയിസ്, ബാലിസ്റ്റിക് മിസൈലുകൾ വിമാനത്താവളത്തിന് നേരെ തൊടുത്തത്. 620 മൈലിലധികം ദൂരം സഞ്ചരിച്ചാണ് ഹൂതികളുടെ ഡ്രോണുകളും മിസൈലുകളും റിയാദിൽ എത്തിയത്. ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് തൊട്ടുമുമ്പ് ദിശ മാറാൻ ശേഷിയുള്ള ആധുനിക വാർഹെഡുകളാണ് ഹൂതികൾ ഇതിനായി ഉപയോഗിച്ചതെന്നാണ് സൂചന. ഇത്രയും വലിയൊരു ആക്രമണം മുൻകൂട്ടി പ്രവചിക്കുന്നതിൽ വ്യോമപ്രതിരോധ റഡാറുകൾക്ക് എവിടെയാണ് പിഴച്ചതെന്നാണ് രാജ്യം ഇപ്പോൾ അന്വേഷിക്കുന്നത്.
സൗദി വിമാനത്താവളങ്ങൾക്ക് നേരെ തുടർച്ചയായി ഉണ്ടാകുന്ന ഹൂതി ആക്രമണങ്ങൾ ആഗോള വിപണിയിൽ എണ്ണവില വീണ്ടും വർദ്ധിക്കാൻ കാരണമായിട്ടുണ്ട്. അന്താരാഷ്ട്ര ബെഞ്ച്മാർക്കായ ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 105 ഡോളറിന് മുകളിലെത്തി. ഹൂതികൾക്കെതിരെയുള്ള സൗദിയുടെ സൈനിക നീക്കത്തിൽ അമേരിക്കയും പങ്കുചേരുന്നതിനെക്കുറിച്ച് ആലോചിക്കുകയാണെന്ന് യു.എസ് പ്രസിഡന്റ് ട്രംപ് വ്യക്തമാക്കി. ഇതോടെ മിഡിൽ ഈസ്റ്റിലെ സംഘർഷത്തിന്റെ പ്രധാന കേന്ദ്രമായി യെമൻ മാറിയിരിക്കുകയാണ്.
അതേസമയം, ഹോർമുസ് കടലിടുക്കിന് സമീപവും സംഘർഷം പുകയുകയാണ്. ഇറാന്റെ തുറമുഖങ്ങൾക്കും കപ്പലുകൾക്കുമെതിരെയുള്ള നാവിക ഉപരോധം ലംഘിച്ച് മുന്നോട്ട് പോകാൻ ശ്രമിച്ച ഒരു ചരക്കുകപ്പൽ യു.എസ് സൈന്യം കഴിഞ്ഞ ദിവസം തടഞ്ഞു.
Houthi terror attack at Riyadh airport: Saudi Arabia probes air defense failure; Trump plans retaliation in Yemen.















