
മിഷിഗൺ: യുവതിയെ കാണാതായി മൂന്ന് വർഷത്തിന് ശേഷം കൃഷിസ്ഥലത്തെ ടാങ്കിനുള്ളിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. മിഷിഗണിലെ അഡ്രിയാനിൽ താമസിച്ചിരുന്ന ഡെയ്‌ൽ വാർണറെയാണ് ഭാര്യ ഡീ വാർണറെ (52) കൊലപ്പെടുത്തിയ കുറ്റത്തിന് കോടതി ശിക്ഷിച്ചത്.
2021 ഏപ്രിലിലാണ് ഡീ വാർണറെ കാണാതാകുന്നത്. വർഷങ്ങളോളം അന്വേഷണം നടന്നെങ്കിലും സൂചനകളൊന്നും ലഭിച്ചിരുന്നില്ല. ഒടുവിൽ 2024-ൽ ഡെയ്‌ലിൻ്റെ ഉടമസ്ഥതയിലുള്ള കൃഷിസ്ഥലത്തെ വളം സൂക്ഷിക്കുന്ന ടാങ്കിനുള്ളിൽ നിന്നാണ് ഡീയുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. ടാങ്കിന് പുറത്ത് “ഉപയോഗശൂന്യം”, എന്ന് കൈപ്പടയിൽ എഴുതി ഒട്ടിച്ചിരുന്നു.
ശ്വാസം മുട്ടിച്ചും മർദ്ദനമേറ്റുമാണ് ഡീ കൊല്ലപ്പെട്ടതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. മരണം ഉറപ്പാക്കാൻ പ്രതി ഡീയുടെ വായും മൂക്കും ടേപ്പ് ഉപയോഗിച്ച് ഒട്ടിച്ചിരുന്നുവെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. രണ്ടാം ഡിഗ്രി കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് ഡെയ്‌ലിന് മേൽ ചുമത്തിയത്. ഇവർക്കിടയിൽ കുടുംബപ്രശ്നങ്ങൾ ഉണ്ടായിരുന്നതായി തെളിവുകൾ വ്യക്തമാക്കുന്നു.
കൃത്യമായ ഭൗതിക തെളിവുകൾ ഇല്ലെന്ന് പ്രതിഭാഗം വാദിച്ചെങ്കിലും, സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിൽ ജൂറി ഡെയ്‌ൽ കുറ്റക്കാരനാണെന്ന് വിധിക്കുകയായിരുന്നു. ഈ കേസ് അമേരിക്കയിൽ വലിയ തോതിൽ ചർച്ച ചെയ്യപ്പെടുകയും ഇതിനെ ആസ്പദമാക്കി ക്രൈം പോഡ്കാസ്റ്റുകളും ടിവി ഷോകളും പുറത്തിറങ്ങുകയും ചെയ്തിരുന്നു.
Husband arrested for strangling wife to death, burying her body in tank; murder that shocked America















