
വാഷിംഗ്ടൺ: വൈറ്റ് ഹൗസിൽ നടന്ന ഈസ്റ്റർ വിരുന്നിനിടെ യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് നടത്തിയ പരാമർശങ്ങൾ വലിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നു. തന്നെ യേശുക്രിസ്തുവിനോട് ഉപമിച്ച ട്രംപിൻ്റെ വാക്കുകൾക്കെതിരെ ക്രിസ്തീയ പുരോഹിതരും രാഷ്ട്രീയ നിരീക്ഷകരും രംഗത്തെത്തി. “അവർ എന്നെയും രാജാവ് എന്ന് വിളിക്കുന്നു”
ഓശാന ഞായറിനെക്കുറിച്ച് സംസാരിക്കവെയാണ് ട്രംപ് വിവാദ പരാമർശം നടത്തിയത്. “ഓശാന ഞായറാഴ്ച യേശുവിനെ ജനക്കൂട്ടം രാജാവായി വാഴ്ത്തി സ്വീകരിച്ചു. ഇപ്പോൾ അവർ എന്നെയും രാജാവ് എന്ന് വിളിക്കുന്നു. നിങ്ങൾക്ക് ഇത് വിശ്വസിക്കാനാവുന്നുണ്ടോ?” എന്ന് അദ്ദേഹം ചോദിച്ചു. വൈറ്റ് ഹൗസ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച ഈ വീഡിയോ വിവാദമായതോടെ പിന്നീട് നീക്കം ചെയ്തു.
ട്രംപിൻ്റെ ആത്മീയ ഉപദേശകയായ പോള വൈറ്റ്-കെയ്ൻ ഒരു പടി കൂടി കടന്നാണ് സംസാരിച്ചത്. ട്രംപിൻ്റെ രാഷ്ട്രീയ ജീവിതത്തെ യേശുവിൻ്റെ മരണം, പുനരുത്ഥാനം എന്നിവയുമായി അവർ താരതമ്യം ചെയ്തു. “യേശുവിനെപ്പോലെ നിങ്ങളും വഞ്ചിക്കപ്പെട്ടു, അറസ്റ്റ് ചെയ്യപ്പെട്ടു, കള്ളക്കേസുകളിൽ കുടുക്കപ്പെട്ടു. നമ്മുടെ കർത്താവ് കാണിച്ചുതന്ന അതേ മാതൃകയാണിത്. അവിടുത്തെ പുനരുത്ഥാനം പോലെ നിങ്ങളും ഉയിർത്തെഴുന്നേറ്റു,” എന്ന് 2024-ലെ വധശ്രമത്തെ സൂചിപ്പിച്ച് അവർ പറഞ്ഞു.
Paula White compares Trump to Jesus during event with faith leaders: "You were betrayed and arrested and falsely accused. It's a familiar pattern that our Lord and Savior showed us. Because of His resurrection, you rose up." pic.twitter.com/Ddc8hflU34
— Aaron Rupar (@atrupar) April 1, 2026
ഈ പ്രസ്താവനകൾ ശുദ്ധമായ ‘ദൈവനിന്ദ’യാണെന്ന് റവറൻ്റ് ബെഞ്ചമിൻ കെയർമർ ഉൾപ്പെടെയുള്ളവർ വിമർശിച്ചു. ബൈബിളിലെ പത്ത് കല്പനകൾ ഉദ്ധരിച്ചുകൊണ്ടാണ് ഡെമോക്രാറ്റിക് നാഷണൽ കമ്മിറ്റി ഇതിനോട് പ്രതികരിച്ചത്. ട്രംപിനെ ചിലർ ദൈവമായി കാണുന്നുവെന്നും ഇത് അപകടകരമായ പ്രവണതയാണെന്നും എഴുത്തുകാരനായ ഐസക് ബെയ്‌ലി പറഞ്ഞു.
പ്രസംഗത്തിന് കൈയടിച്ച കത്തോലിക്കാ ബിഷപ്പ് റോബർട്ട് ബാരോണിനെതിരെയും വിശ്വാസികൾക്കിടയിൽ കടുത്ത പ്രതിഷേധമുണ്ട്.
നേരത്തെ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് യുദ്ധത്തെ അനുകൂലിച്ച് നടത്തിയ പ്രസ്താവനകളെ പരോക്ഷമായി വിമർശിച്ചുകൊണ്ട് ലിയോ പതിനാലാമൻ മാർപാപ്പ രംഗത്തെത്തിയിരുന്നു. “സമാധാനത്തിൻ്റെ രാജാവായ യേശുവിനെ ആർക്കും യുദ്ധത്തെ ന്യായീകരിക്കാൻ ഉപയോഗിക്കാനാവില്ല. കൈകളിൽ രക്തം പുരണ്ടവരുടെ പ്രാർത്ഥന ദൈവം കേൾക്കില്ല,” എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
“I am the king”: Trump likens himself to Christ; spiritual advisor supports; criticism calls it ‘blasphemy’











