
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റെ ഫ്ലോറിഡയിലെ റിസോർട്ടായ മാർ-എ-ലാഗോയിൽ സുരക്ഷാ വലയം ഭേദിച്ച 21 വയസ്സുകാരനായ ഓസ്റ്റിൻ ടക്കർ മാർട്ടിൻ എന്ന ആയുധധാരി സീക്രട്ട് സർവീസ് ഉദ്യോഗസ്ഥരുടെ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു.
ഈ സംഭവത്തോട് പ്രതികരിക്കവെ ട്രംപ് അൽപം ആശങ്കയോടെയാണ് സംസാരിച്ചത്. “ഞാൻ എത്ര കാലം ഇവിടെ ഉണ്ടാകുമെന്ന് എനിക്കറിയില്ല. എനിക്കെതിരെ തോക്കെടുക്കാൻ ഒരുപാട് പേർ പുറത്തുണ്ട്, അല്ലേ?” എന്നാണ് ട്രംപ് പറഞ്ഞത്. തന്നെപ്പോലെ ‘പ്രധാനപ്പെട്ട’ പ്രസിഡന്റുമാരെയാണ് കൊലയാളികൾ ലക്ഷ്യം വെക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാർ-എ-ലാഗോയിൽ സംഭവിച്ചത്
ഞായറാഴ്ച പുലർച്ചെ 1:30-ഓടെയാണ് ഒരു ഷോട്ട്ഗണും ഇന്ധനം നിറച്ച കാനുമായി ഓസ്റ്റിൻ ടക്കർ മാർട്ടിൻ റിസോർട്ടിലേക്ക് അതിക്രമിച്ചു കയറിയത്. ഇയാളോട് കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും ആയുധം പ്രയോഗിക്കാൻ തുനിഞ്ഞതോടെ ഉദ്യോഗസ്ഥർ വെടിവെക്കുകയായിരുന്നു.
നോർത്ത് കരോലിന സ്വദേശിയായ ഓസ്റ്റിൻ ഒരു ഗോൾഫ് കോഴ്സ് ഗ്രൗണ്ട്സ്കീപ്പറായി ജോലി ചെയ്യുകയായിരുന്നു. ഇയാൾ ട്രംപ് അനുയായികളുടെ കുടുംബത്തിൽ നിന്നുള്ളയാളാണെന്നും രാഷ്ട്രീയ കാര്യങ്ങളിൽ അത്ര താൽപ്പര്യമില്ലാത്ത ആളാണെന്നുമാണ് ബന്ധുക്കൾ നൽകുന്ന വിവരം.
വെടിവെപ്പ് നടക്കുമ്പോൾ ട്രംപോ കുടുംബാംഗങ്ങളോ മാർ-എ-ലാഗോയിൽ ഉണ്ടായിരുന്നില്ല. അവർ വാഷിംഗ്ടൺ ഡി.സിയിലായിരുന്നു. കഴിഞ്ഞ രണ്ട് വർഷങ്ങൾക്കിടെ ട്രംപിന് നേരെയുണ്ടാകുന്ന മൂന്നാമത്തെ വലിയ സുരക്ഷാ ഭീഷണിയാണിത്.
പെൻസിൽവേനിയയിലെ വെടിവെപ്പ്
2024 ജൂലൈ 13ന് ബട്ട്‌ലറിൽ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെ ട്രംപിന് നേരെ വെടിവെപ്പുണ്ടായി. തോമസ് മാത്യു ക്രൂക്സ് എന്ന 20-കാരൻ തൊട്ടടുത്ത കെട്ടിടത്തിന് മുകളിൽ നിന്ന് ഉതിർത്ത വെടിയുണ്ട ട്രംപിൻ്റെ വലത് ചെവിയിൽ തറച്ചു. ഈ ആക്രമണത്തിൽ റാലിയിൽ പങ്കെടുത്ത ഒരാൾ കൊല്ലപ്പെടുകയും മറ്റ് രണ്ട് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. അക്രമി സംഭവസ്ഥലത്ത് വെച്ച് തന്നെ സീക്രട്ട് സർവീസിൻ്റെ വെടിയേറ്റ് കൊല്ലപ്പെട്ടു.
ഫ്ലോറിഡ ഗോൾഫ് കോഴ്‌സിലെ വധശ്രമം
2024 സെപ്റ്റംബർ 15നാണ് മറ്റൊരു വധശ്രമം ട്രംപിനുനേരെയുണ്ടായത്. വെസ്റ്റ് പാം ബീച്ചിലെ ട്രംപ് ഇന്റർനാഷണൽ ഗോൾഫ് ക്ലബ്ബിൽ ട്രംപ് ഗോൾഫ് കളിച്ചുകൊണ്ടിരിക്കെയായിരുന്നു ഇത്. അതിർത്തിയിലെ കുറ്റിച്ചെടികൾക്കിടയിൽ തോക്കുമായി ഒളിച്ചിരുന്ന റയാൻ വെസ്‌ലി റൗത്ത് എന്നയാളെ സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർ കണ്ടെത്തി വെടിവെക്കുകയായിരുന്നു. അക്രമി അവിടെനിന്ന് രക്ഷപ്പെട്ടെങ്കിലും പിന്നീട് പിടിയിലായി. ഇയാൾക്ക് ഈ മാസം ആദ്യമാണ് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്.
ഇതുകൂടാതെ, 2025ൽ എയർഫോഴ്‌സ് വൺ വിമാനം ഇറങ്ങുന്ന സ്ഥലത്തിന് സമീപം വേട്ടക്കാർ ഉപയോഗിക്കുന്ന രീതിയിലുള്ള പ്ലാറ്റ്‌ഫോം കണ്ടെത്തിയത് വലിയ സുരക്ഷാ വീഴ്ചയായി കണക്കാക്കപ്പെട്ടിരുന്നു.
2016 ജൂണിൽ ആദ്യമായി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന സമയത്ത് ലാസ് വെഗാസിലെ ഒരു റാലിക്കിടെ ട്രംപിനെ വധിക്കാൻ ശ്രമം നടന്നു. മൈക്കൽ സ്റ്റീവൻ സാൻഡ്‌ഫോർഡ് എന്ന ബ്രിട്ടീഷ് പൗരൻ സുരക്ഷാ ഉദ്യോഗസ്ഥൻ്റെ തോക്ക് തട്ടിയെടുത്ത് ട്രംപിനെ വെടിവെക്കാൻ ശ്രമിക്കുകയായിരുന്നു.2017ൽ ഒരു ഫോർക്ക്ലിഫ്റ്റ് ഉപയോഗിച്ച് ട്രംപിൻ്റെ വാഹനവ്യൂഹത്തെ ആക്രമിക്കാൻ ശ്രമമുണ്ടായി.
ഇവ കൂടാതെ, ഇറാനിൽ നിന്നുള്ള വധഭീഷണികൾ നിലനിൽക്കുന്നതായി യുഎസ് ഇന്റലിജൻസ് ഏജൻസികൾ പലതവണ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ പരമ്പരയിലെ ഏറ്റവും ഒടുവിലത്തെ സംഭവമാണ് കഴിഞ്ഞ ദിവസം മാർ-എ-ലാഗോയിൽ നടന്നത്.
Trump: "I don't know how long I'll be around. I've got a lot of people gunning for me, don't I?" pic.twitter.com/Boq5pxHxav
— Aaron Rupar (@atrupar) February 23, 2026
“I don’t know how long I’m going to be here. There are a lot of people out there who want to take guns out on me, right?” Trump said.















