” മുമ്പൊരിക്കലും കാണാത്ത തരത്തിൽ ഞാൻ സൈന്യത്തെ പുനർനിർമ്മിക്കുന്നത് തുടരുകയാണ്, ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള യുദ്ധം അവസാനിപ്പിച്ചു”- ട്രംപ്

ന്യൂഡൽഹി: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള യുദ്ധം താൻ അവസാനിപ്പിച്ചു എന്ന അവകാശവാദം വീണ്ടും ആവർത്തിച്ച് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഒരേ ദിവസം രണ്ട് തവണയാണ് ഈ വാദം ആവർത്തിച്ചത്.

വ്യാഴാഴ്ച നടന്ന നാഷണൽ പ്രെയർ ബ്രേക്ക്ഫാസ്റ്റിൽ സംസാരിക്കവെ ട്രംപ് പറഞ്ഞത് ഇങ്ങനെ: “ഒരു വർഷത്തിനിടെ, കംബോഡിയയും തായ്‌ലൻഡും, കൊസോവോയും സെർബിയയും, പാകിസ്ഥാനും ഇന്ത്യയും, ഇസ്രായേലും ഇറാനും, അർമേനിയയും അസർബൈജാനും തമ്മിലുള്ളത് ഉൾപ്പെടെ എട്ട് യുദ്ധങ്ങൾ ഞാൻ അവസാനിപ്പിച്ചു. പിന്നീട് ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച പോസ്റ്റിലും ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ആണവയുദ്ധം താൻ തടഞ്ഞുവെന്ന് അദ്ദേഹം ആവർത്തിച്ചു.

“അമേരിക്ക ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യമാണ്. എൻ്റെ ആദ്യ ടേമിൽ ഞാൻ സൈന്യത്തെ പൂർണ്ണമായും പുനർനിർമ്മിച്ചു. ഇതിൽ പുതിയതും പുതുക്കിയതുമായ അനേകം ആണവായുധങ്ങൾ ഉൾപ്പെടുന്നു. ഞാൻ സ്പേസ് ഫോഴ്സിന് രൂപം നൽകി, ഇപ്പോൾ മുമ്പൊരിക്കലും കാണാത്ത തരത്തിൽ സൈന്യത്തെ പുനർനിർമ്മിക്കുന്നത് തുടരുകയാണ്. രണ്ടാം ലോകമഹായുദ്ധകാലത്ത് കടലിൽ ചുറ്റിക്കറങ്ങിയിരുന്ന അയോവ, മിസോറി, അലബാമ തുടങ്ങിയ യുദ്ധകപ്പലുകളേക്കാൾ 100 മടങ്ങ് കരുത്തുള്ള യുദ്ധക്കപ്പലുകൾ പോലും ഞങ്ങൾ കൂട്ടിച്ചേർക്കുന്നുണ്ട്. പാകിസ്ഥാനും ഇന്ത്യയും, ഇറാനും ഇസ്രായേലും, റഷ്യയും ഉക്രെയ്നും തമ്മിൽ ലോകമെമ്പാടും പൊട്ടിപ്പുറപ്പെടുമായിരുന്ന ആണവയുദ്ധങ്ങൾ ഞാൻ തടഞ്ഞു,” ട്രംപ് കുറിച്ചു.

ഇന്ത്യ-പാക് സംഘർഷം താൻ അവസാനിപ്പിച്ചു എന്ന അവകാശവാദം തൊണ്ണൂറിലധികം തവണയാണ് യുഎസ് പ്രസിഡൻ്റ് ആവർത്തിച്ചിരിക്കുന്നത്. വാഷിംഗ്ടണിൻ്റെ മധ്യസ്ഥതയിൽ നടന്ന നീണ്ട രാത്രിയിലെ ചർച്ചകൾക്കൊടുവിൽ ഇന്ത്യയും പാകിസ്ഥാനും “പൂർണ്ണവും ഉടനടിയുള്ളതുമായ” വെടിനിർത്തലിന് സമ്മതിച്ചതായി കഴിഞ്ഞ വർഷം മെയ് 10-ന് സോഷ്യൽ മീഡിയയിലൂടെ അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. അതിനുശേഷം യുഎസിലെയും ലോകമെമ്പാടുമുള്ള വിവിധ വേദികളിൽ അദ്ദേഹം ഈ അവകാശവാദം ആവർത്തിച്ചുകൊണ്ടിരിക്കുകയാണ്.

എന്നാൽ, ഏതെങ്കിലും തരത്തിലുള്ള മൂന്നാം കക്ഷി ഇടപെടലുകൾ ഉണ്ടായി എന്ന കാര്യം ഇന്ത്യ നിരന്തരം നിഷേധിച്ചിട്ടുണ്ട്.

”I have ended the war between India and Pakistan,” said Trump .

More Stories from this section

family-dental
witywide