
മയാമി: ലോകം മുഴുവൻ വിജയത്തിന് പിന്നാലെ പായുമ്പോൾ, തനിക്ക് ഇഷ്ടം പരാജിതരെയാണെന്ന വിചിത്ര വാദവുമായി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. അതിസമ്പന്നരോടും അതിവിജയികളോടും ഒപ്പമിരിക്കുന്നതിനേക്കാൾ താൻ ആസ്വദിക്കുന്നത് തോറ്റവർക്കൊപ്പം സമയം ചെലവഴിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. മയാമിയിൽ നടന്ന ‘ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെൻ്റ് ഇനീഷ്യേറ്റീവ്’ (FII) ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“എനിക്ക് എപ്പോഴും തോറ്റവർക്കൊപ്പം സമയം ചെലവഴിക്കാനാണ് ഇഷ്ടം, കാരണം അത് എനിക്ക് കൂടുതൽ ആത്മവിശ്വാസം നൽകുന്നു” ട്രംപ് പറഞ്ഞു. വളരെയധികം വിജയിച്ച ആളുകളെ തനിക്ക് ഇഷ്ടമല്ലെന്നും അവരുടെ വിജയഗാഥകൾ കേട്ടിരിക്കാൻ താൽപ്പര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സദസ്സിൽ വലിയ ചിരി പടർത്തിയ ഈ പ്രസ്താവനയ്ക്ക് പിന്നാലെ, താൻ തമാശ പറഞ്ഞതാണെന്നും എന്നാൽ ഇതിൽ ഒരല്പം സത്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിജയിച്ചവർ എപ്പോഴും സ്വന്തം നേട്ടങ്ങളെക്കുറിച്ച് സംസാരിക്കാനാണ് ഇഷ്ടപ്പെടുന്നത്. എന്നാൽ തനിക്ക് ഇഷ്ടം താൻ പറയുന്നത് കേട്ടിരിക്കുന്നവരെയാണെന്നും ട്രംപ് തമാശരൂപേണ പറഞ്ഞു. ഇറാൻ നയം, ആഗോള നിക്ഷേപം തുടങ്ങിയ ഗൗരവകരമായ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനിടെയായിരുന്നു ട്രംപിൻ്റെ ഈ ‘സെൽഫ് ട്രോൾ’. സദസ്സിലുണ്ടായിരുന്ന ലോകനേതാക്കളും പ്രമുഖ നിക്ഷേപകരും ട്രംപിൻ്റെ ഈ തുറന്നുപറച്ചിലിനെ ചിരിയോടെയാണ് സ്വീകരിച്ചത്.
കായികരംഗത്തോട് ഉപമിച്ചാണ് ട്രംപ് വിജയത്തെയും പരാജയത്തെയും വിശദീകരിച്ചത്. കായികരംഗത്ത് ഫലങ്ങൾ വ്യക്തവും വേഗത്തിലുള്ളതുമാണെന്നും, എന്നാൽ ജീവിതത്തിന്റെ മറ്റ് മേഖലകളിൽ ഒരാൾ വിജയിച്ചോ ഇല്ലയോ എന്ന് അറിയാൻ വളരെ സമയമെടുത്തേക്കാമെന്നും അദ്ദേഹം പറഞ്ഞു.
നീണ്ട പ്രസംഗത്തിന് ശേഷമുള്ള ചോദ്യോത്തര വേളയിലാണ് ട്രംപ് ഈ പ്രസ്താവന നടത്തിയത്. ‘ലൈംഗികത’യെ കുറിച്ചടക്കം നിങ്ങൾക്ക് ഇഷ്ടമുള്ളതെന്തും ചർച്ച ചെയ്യാമെന്ന് പറഞ്ഞുകൊണ്ട് ട്രംപ് സദസ്സിൽ നിന്ന് ചോദ്യങ്ങൾ ക്ഷണിച്ചു. ചോദ്യോത്തര വേളയിൽ, ആഗോള നേതൃത്വത്തിൽ എന്താണ് കുറവുള്ളതെന്ന് അദ്ദേഹത്തോട് ചോദിച്ചപ്പോൾ, ലോകത്തിന് ‘വിജയങ്ങളെ’ ഒരു പ്രധാന നേതൃത്വ ഗുണമായി നഷ്ടപ്പെട്ടിരിക്കുന്നു എന്ന് അദ്ദേഹം ഉത്തരം നൽകി.
“I like losers; being around winners is tiring”: Trump makes a different statement














