ട്രംപ് ഭരണകൂടത്തിന് കോടതിയുടെ താക്കീത്, വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യരുത്; ഒറിഗണിൽ ഇമിഗ്രേഷൻ ഏജന്‍റുമാർക്ക് കോടതിയുടെ കർശന വിലക്ക്

പോർട്ട്ലാൻഡ് (ഒറിഗൺ): ഒറിഗൺ സംസ്ഥാനത്ത് മതിയായ വാറണ്ടില്ലാതെ കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്യുന്നത് ഫെഡറൽ കോടതി തടഞ്ഞു. പ്രതി ഓടിപ്പോകാൻ സാധ്യതയുള്ള അതീവ അടിയന്തര സാഹചര്യങ്ങളിൽ അല്ലാതെ വാറണ്ടില്ലാത്ത അറസ്റ്റുകൾ പാടില്ലെന്ന് യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജി മുസ്തഫ കസൂഭായ് ബുധനാഴ്ച ഉത്തരവിട്ടു. ട്രംപ് ഭരണകൂടം രാജ്യവ്യാപകമായി നടപ്പിലാക്കുന്ന ‘ഓപ്പറേഷൻ മെട്രോ സർജ്’ പോലുള്ള പദ്ധതികളിൽ ഏജന്റുമാർ വാറണ്ടില്ലാതെ ആളുകളെ പിടികൂടുന്നത് പതിവായിരുന്നു. ഇതിനെതിരെ ‘ഇന്നൊവേഷൻ ലോ ലാബ്’ നൽകിയ പൊതുതാൽപ്പര്യ ഹർജിയിലാണ് കോടതിയുടെ ഇടപെടൽ.

കൊളറാഡോയ്ക്കും വാഷിംഗ്ടൺ ഡി.സിക്കും ശേഷം ഇത്തരമൊരു വിധി പുറപ്പെടുവിക്കുന്ന മൂന്നാമത്തെ മേഖലയായി ഒറിഗൺ മാറി. ഏജന്റുമാരുടെ നടപടികൾ “അക്രമാസക്തവും ക്രൂരവുമാണെന്ന്” ജഡ്ജി കസൂഭായ് നിരീക്ഷിച്ചു. നിയമം നടപ്പിലാക്കുന്നവർ തന്നെ നിയമം ലംഘിക്കുന്നത് ജനാധിപത്യത്തിന് ഭീഷണിയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ കേസിൽ നിർണ്ണായകമായത് 56-കാരനായ വിക്ടർ ക്രൂസ് ഗാമെസ് നൽകിയ മൊഴിയാണ്.

കഴിഞ്ഞ 30 വർഷമായി അമേരിക്കയിൽ താമസിക്കുന്ന, നിയമപരമായ തൊഴിൽ അനുമതിയുള്ള അദ്ദേഹം കഴിഞ്ഞ ഒക്ടോബറിൽ വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. സമാനമായ പേരുള്ള മറ്റൊരു കുറ്റവാളിയാണെന്ന് തെറ്റിദ്ധരിച്ചാണ് ഇദ്ദേഹത്തെ പിടികൂടിയത്. മൂന്നാഴ്ചയോളം അദ്ദേഹം തടവിൽ കഴിയേണ്ടി വന്നു. തനിക്ക് നിയമപരമായ രേഖകളുണ്ടെന്ന് പറഞ്ഞിട്ടും ഏജന്റുമാർ അത് ചെവിക്കൊണ്ടില്ലെന്ന് അദ്ദേഹം കോടതിയിൽ കണ്ണീരോടെ മൊഴി നൽകി.

More Stories from this section

family-dental
witywide