ട്രംപിന്‍റെ നയം നടപ്പാക്കാൻ വേണ്ടി പരിശീലന പോലും വെട്ടിക്കുറച്ചു; ഐസ് ഉദ്യോഗസ്ഥരുടെ കാര്യക്ഷമതയിൽ വൻ ആശങ്ക, പരിശീലനമില്ലാത്ത കൈകളിൽ തോക്കും ബാഡ്ജും

വാഷിംഗ്ടൺ: അമേരിക്കയിലെ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ഐസ്) ഉദ്യോഗസ്ഥർക്ക് ലഭിക്കുന്ന പരിശീലനത്തിൽ ഗുരുതരമായ കുറവുണ്ടെന്ന് റിപ്പോർട്ട്. വിദേശ മൃഗക്കടത്ത് തടയുന്നവർക്കും വാഹനങ്ങളിലെ ഓഡോമീറ്റർ തട്ടിപ്പ് അന്വേഷിക്കുന്നവർക്കും ലഭിക്കുന്നതിനേക്കാൾ കുറഞ്ഞ പരിശീലനം മാത്രമാണ് തോക്കും ബാഡ്ജുമുള്ള ഐസ് ഏജന്‍റുമാർക്ക് ലഭിക്കുന്നത്. ട്രംപ് ഭരണകൂടത്തിന് കീഴിൽ കൂട്ടമായി നാടുകടത്തൽ നടപ്പിലാക്കാനും ഉദ്യോഗസ്ഥരെ വേഗത്തിൽ നിയമിക്കാനുമുള്ള തിടുക്കത്തിൽ പരിശീലന കാലാവധി പകുതിയായി വെട്ടിക്കുറച്ചതാണ് ഈ പ്രതിസന്ധിക്ക് ആക്കം കൂട്ടിയത്.

നൽകിയിട്ടുള്ള ഉത്തരവാദിത്തങ്ങൾ നിറവേറ്റാൻ ആവശ്യമായ പരിശീലനം ഈ ഉദ്യോഗസ്ഥർക്ക് ലഭിക്കുന്നില്ലെന്ന് 2024 വരെ ഫെഡറൽ ലോ എൻഫോഴ്‌സ്‌മെന്റ് ട്രെയിനിംഗ് സെന്ററിൽ ഇൻസ്ട്രക്ടറായിരുന്ന മാർക്ക് ബ്രൗൺ വെളിപ്പെടുത്തി. മുൻപ് പരിശീലന കേന്ദ്രങ്ങളിൽ സംഭവിച്ചിരുന്ന പിഴവുകൾ ഇപ്പോൾ നേരിട്ട് ഫീൽഡിൽ സംഭവിക്കുന്ന സാഹചര്യം ഉണ്ടായതായും അദ്ദേഹം ചൂണ്ടിക്കാട്ടി. പരിശീലനം പാതിവഴിയിൽ നിർത്തി ഉദ്യോഗസ്ഥരെ തെരുവിലിറക്കുന്നത് പൊതുജന സുരക്ഷയ്ക്കും നിയമവാഴ്ചയ്ക്കും ഭീഷണിയാണെന്ന വിമർശനം ഇതോടെ ശക്തമായിരിക്കുകയാണ്.

അമേരിക്കയിലെ 20 പ്രധാന ഫെഡറൽ ഏജൻസികളിലെ മുപ്പതോളം തസ്തികകളിൽ നടത്തിയ പരിശോധനയിൽ ഐസ് ഉദ്യോഗസ്ഥരേക്കാൾ കുറഞ്ഞ പരിശീലനം ലഭിക്കുന്നത് കോടതി പ്രൊബേഷൻ ഓഫീസർമാർക്കും ജയിൽ ഗാർഡുകൾക്കും മാത്രമാണെന്ന് കണ്ടെത്തി. ഐആർഎസ് ക്രിമിനൽ ഇൻവെസ്റ്റിഗേറ്റർമാർ, സീക്രട്ട് സർവീസ് പോലീസ്, ക്യാപിറ്റൽ പോലീസ് തുടങ്ങിയ വിഭാഗങ്ങൾക്ക് ഐസ് ഉദ്യോഗസ്ഥർക്ക് ലഭിക്കുന്നതിന്റെ ഇരട്ടിയിലധികം ദിവസത്തെ പരിശീലനം ലഭിക്കുന്നുണ്ട്. മതിയായ തയ്യാറെടുപ്പില്ലാതെ ഉദ്യോഗസ്ഥരെ നിയമിക്കുന്നത് നിയമപരമായ ചട്ടങ്ങൾ ലംഘിക്കപ്പെടുന്നതിനും വലിയ വീഴ്ചകൾക്കും കാരണമായേക്കാമെന്നാണ് റിപ്പോർട്ട് നൽകുന്ന മുന്നറിയിപ്പ്.

Also Read

More Stories from this section

family-dental
witywide