
ന്യൂഡൽഹി: ചൈന തായ്‌വാനെ ആക്രമിച്ചാൽ മേഖലയിലെ മറ്റ് രാജ്യങ്ങളും അടുത്ത ലക്ഷ്യങ്ങളാകുമെന്ന് തായ്‌വാൻ പ്രസിഡൻ്റ് ലായ് ചിംഗ്-ടെ മുന്നറിയിപ്പ് നൽകി. തായ്‌വാൻ വെറുമൊരു പ്രാദേശിക പ്രശ്നമല്ലെന്നും, ചൈനയുടെ കടന്നുകയറ്റം ഉണ്ടായാൽ അത് ഏഷ്യ-പസഫിക് മേഖലയിലെ മുഴുവൻ സുരക്ഷയെയും ബാധിക്കുമെന്നുമാണ് ലായ് ചിംഗ്-ടെ വ്യക്തമാക്കിയത്. തായ്‌വാൻ്റെ വീഴ്ച ജനാധിപത്യ രാജ്യങ്ങൾക്കുള്ള ഭീഷണിയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ദക്ഷിണ ചൈനാ കടലിലെ ചൈനയുടെ അവകാശവാദങ്ങളും തായ്‌വാൻ കടലിടുക്കിലെ വർദ്ധിച്ചുവരുന്ന ചൈനീസ് നാവിക അഭ്യാസങ്ങളും കണക്കിലെടുത്താണ് ലായ് ഇത്തരമൊരു നിലപാട് സ്വീകരിച്ചത്. ജപ്പാൻ, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളെയും ചൈന ലക്ഷ്യം വെച്ചേക്കാം എന്ന സൂചനയാണ് അദ്ദേഹം നൽകുന്നത്.
ചൈനയുടെ ഭീഷണി ശക്തമാകുന്ന സാഹചര്യത്തിൽ, തായ്‌വാൻ്റെ സൈനിക ശേഷി വർദ്ധിപ്പിക്കുന്നതിനായി 40 ബില്യൺ ഡോളറിൻ്റെ അധിക പ്രതിരോധ ബജറ്റ് അദ്ദേഹം പാർലമെൻ്റിൽ അവതരിപ്പിച്ചു. അത്യാധുനിക മിസൈലുകളും ഡ്രോണുകളും വാങ്ങുന്നതിനാണ് ഈ തുക പ്രധാനമായും ഉപയോഗിക്കുന്നത്.
അതേസമയം, മുന്നറിയിപ്പിന് പിന്നാലെ, തായ്‌വാന്റെ സുരക്ഷയിൽ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് അമേരിക്കൻ പ്രതിനിധികൾ ആവർത്തിച്ചു. ‘തായ്‌വാൻ റിലേഷൻസ് ആക്ട്’ പ്രകാരം തായ്‌വാന് സൈനിക സഹായം നൽകുന്നത് തുടരുമെന്നും അവർ അറിയിച്ചു. ചൈനയുടെ ഭീഷണി നേരിടാൻ അത്യാധുനിക എഫ്-16 വിമാനങ്ങളും മിസൈൽ പ്രതിരോധ സംവിധാനങ്ങളും നൽകുന്നതിനുള്ള നടപടികൾ അമേരിക്ക വേഗത്തിലാക്കിയിട്ടുണ്ട്.
If China attacks Taiwan, other countries will be next targets – Taiwan President warns















