
ദാവോസ്: അമേരിക്കയുടെ നേതൃത്വത്തിലുള്ള നിലവിലെ അന്താരാഷ്ട്ര ലോകക്രമം തകർന്നുകൊണ്ടിരിക്കുകയാണെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി. ദാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറത്തിൽ നടത്തിയ തന്‍റെ ആദ്യത്തെ പ്രധാന വിദേശനയ പ്രസംഗത്തിലാണ് അദ്ദേഹം ഈ കർശനമായ നിരീക്ഷണം നടത്തിയത്. ലോകം ഒരു ‘മാറ്റത്തിന്’ പകരം ഒരു ‘തകർച്ചയിലൂടെ’ ആണ് കടന്നുപോകുന്നതെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
“പഴയ ലോകക്രമം ഇനി തിരിച്ചു വരില്ല. അതിൽ നമ്മൾ വിലപിക്കേണ്ടതില്ല. ഗൃഹാതുരത്വം ഒരു തന്ത്രമല്ല,” എന്ന് അദ്ദേഹം പറഞ്ഞു. നിയമങ്ങൾ അടിസ്ഥാനമാക്കിയുള്ള പഴയ ക്രമം മങ്ങിപ്പോയതായും ലോകം ഇപ്പോൾ വലിയ ശക്തികൾ തമ്മിലുള്ള മത്സരത്തിന്റെ പാതയിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പേര് എടുത്തു പറഞ്ഞില്ലെങ്കിലും, ട്രംപിന്‍റെ നയങ്ങൾ ആഗോള രാഷ്ട്രീയത്തിൽ വരുത്തിയ മാറ്റങ്ങളെക്കുറിച്ച് അദ്ദേഹം വ്യക്തമായ വിശകലനം നടത്തി. ലോകം ഒരിക്കലും ‘പ്രീ-ട്രംപ്’ കാലഘട്ടത്തിലേക്ക് മടങ്ങില്ലെന്ന് അദ്ദേഹം ആവർത്തിച്ചു.
ഗ്രീക്ക് ചിന്തകനായ തുസിഡിഡീസിനെ ഉദ്ധരിച്ചുകൊണ്ട്, “ശക്തർക്ക് കഴിയുന്നത് അവർ ചെയ്യുന്നു, ദുർബലർ അനുഭവിക്കേണ്ടി വരുന്നത് അനുഭവിക്കുന്നു” എന്ന അവസ്ഥയിലേക്ക് ലോകം മാറിയെന്ന് അദ്ദേഹം പറഞ്ഞു. കേവലം നിയമങ്ങൾ പാലിച്ചതുകൊണ്ട് മാത്രം ഒരു രാജ്യം സുരക്ഷിതമാകില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ആഗോള സാമ്പത്തിക സംയോജനത്തെ വലിയ ശക്തികൾ മറ്റുള്ളവരെ സമ്മർദ്ദത്തിലാക്കാനുള്ള ആയുധമായി ഉപയോഗിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഗ്രീൻലാൻഡ് വിഷയത്തിൽ ഡെന്മാർക്കിന് മേൽ അമേരിക്ക ചെലുത്തുന്ന സമ്മർദ്ദത്തിന്റെ പശ്ചാത്തലത്തിൽ ഈ പ്രസ്താവനയ്ക്ക് വലിയ പ്രാധാന്യമുണ്ട്.
കാനഡ ഇനി വെറുതെ കാത്തിരിക്കില്ലെന്നും ‘മൂല്യാധിഷ്ഠിത റിയലിസം’ എന്ന പുതിയ നയവുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിന്റെ ഭാഗമായി യൂറോപ്യൻ യൂണിയനുമായി തന്ത്രപരമായ പങ്കാളിത്തം ഉറപ്പാക്കുമെന്നും പ്രതിരോധ മേഖലയിലെ ചിലവ് വർദ്ധിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനും ബാങ്ക് ഓഫ് ഇംഗ്ലണ്ട് മുൻ ഗവർണറുമായ മാർക്ക് കാർണി, 2025 മാർച്ചിലാണ് ജസ്റ്റിൻ ട്രൂഡോയ്ക്ക് ശേഷം കാനഡയുടെ 24-ാമത് പ്രധാനമന്ത്രിയായി അധികാരമേറ്റത്.













