” അമേരിക്കയോ ഡെൻമാർക്കോ തിരഞ്ഞെടുക്കേണ്ടി വന്നാൽ ഞങ്ങൾ ഡെൻമാർക്കിനൊപ്പമേ നിൽക്കൂ”- ഗ്രീൻലാൻഡ് പ്രധാനമന്ത്രിയുടെ വാക്കുകൾ ട്രംപിന് ‘കൊള്ളും’

വാഷിംഗ്ടൺ: യുഎസിനെക്കാൾ തങ്ങൾ ഡെൻമാർക്കിനെയാണ് തിരഞ്ഞെടുക്കുന്നതെന്ന് വ്യക്തമാക്കി ഗ്രീൻലാൻഡ് പ്രധാനമന്ത്രി ജെൻസ്-ഫ്രെഡറിക് നീൽസൺ. ഡാനിഷ് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സണുമായി നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന് അടിയാകുന്ന ഈ പ്രസ്താവന നടത്തിയത്.

അമേരിക്കയും ഡെൻമാർക്കും തമ്മിൽ ഒരു തിരഞ്ഞെടുപ്പ് നടത്തേണ്ടി വന്നാൽ തങ്ങൾ ഡെൻമാർക്കിനൊപ്പമേ നിൽക്കൂ എന്ന് നീൽസൺ ഉറപ്പിച്ചു പറഞ്ഞു.
അമേരിക്കൻ ആധിപത്യത്തോടുള്ള വിയോജിപ്പ് പ്രകടമാക്കി ഗ്രീൻലാൻഡ് അമേരിക്കയുടെ ഉടമസ്ഥതയിലോ ഭരണത്തിലോ ഭാഗമായോ ഇരിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം അറിയിച്ചു. ഗ്രീൻലാൻഡ് സ്വന്തമാക്കാനുള്ള ട്രംപിന്റെ നീക്കങ്ങളെത്തുടർന്നുണ്ടായ ഭൗമരാഷ്ട്രീയ പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് ഈ പ്രതികരണം.

“ഇപ്പോൾ അമേരിക്കയും ഡെൻമാർക്കും തിരഞ്ഞെടുക്കേണ്ടിവന്നാൽ, ഞങ്ങൾ ഡെൻമാർക്കിനെ തിരഞ്ഞെടുക്കുന്നു. ഒരു കാര്യം എല്ലാവർക്കും വ്യക്തമായിരിക്കണം. ഗ്രീൻലാൻഡ് അമേരിക്കയുടെ ഉടമസ്ഥതയിലാകാൻ ആഗ്രഹിക്കുന്നില്ല. ഗ്രീൻലാൻഡ് അമേരിക്കയുടെ ഭരണത്തിലാകാൻ ആഗ്രഹിക്കുന്നില്ല. ഗ്രീൻലാൻഡ് അമേരിക്കയുടെ ഭാഗമാകാൻ ആഗ്രഹിക്കുന്നില്ല” അദ്ദേഹം പറഞ്ഞു.

ഡെൻമാർക്ക് വിദേശകാര്യ മന്ത്രി ലാർസ് ലോക്കെ റാസ്മുസ്സനും ഗ്രീൻലാൻഡ് വിദേശകാര്യ മന്ത്രി വിവിയൻ മോട്ട്‌സ്‌ഫെൽഡും യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസിനെയും സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയെയും കാണാൻ യുഎസിലേക്ക് പോകുന്നതിന് ഒരു ദിവസം മുമ്പാണ് ഈ നിർണായക വാർത്താ സമ്മേളനം നടന്നത്. 14-നാണ് കൂടിക്കാഴ്ച നടത്തുന്നത്.

ഗ്രീൻലാൻഡ് അമേരിക്കക്കാരോ ഡെന്മാർക്കുകാരോ ആകാൻ ആഗ്രഹിക്കുന്നില്ലെന്നും, തങ്ങൾ തങ്ങളുടേതായ ഭാവി നിശ്ചയിക്കുമെന്നും മുൻ പ്രധാനമന്ത്രി മൂട്ടെ ബോറപ്പ് എഗെഡെ നേരത്തെ പ്രതികരിച്ചിരുന്നു.

ഗ്രീൻലാൻഡ് സ്വന്തമാക്കാനുള്ള ട്രംപിന്റെ താൽപ്പര്യത്തെത്തുടർന്ന് ഗ്രീൻലാൻഡ്-യുഎസ് ബന്ധം വലിയൊരു പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഗ്രീൻലാൻഡ് സ്വന്തമാക്കുന്നത് ദേശീയ സുരക്ഷയ്ക്ക് അത്യാവശ്യമാണെന്ന് ട്രംപ് ഭരണകൂടം പറയുന്നു. ആർട്ടിക് മേഖലയിൽ റഷ്യയുടെയും ചൈനയുടെയും സ്വാധീനം തടയുന്നതിനും ധാതുസമ്പത്ത് പ്രയോജനപ്പെടുത്തുന്നതിനുമാണ് യുഎസ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ആവശ്യം വന്നാൽ സൈനിക ശക്തി ഉപയോഗിക്കാനും മടിക്കില്ലെന്ന് ട്രംപ് ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ഗ്രീൻലാൻഡ് നിവാസികളെ ആകർഷിക്കാൻ ഓരോ വ്യക്തിക്കും 10,000 മുതൽ 100,000 ഡോളർ വരെ പണം നൽകുന്നതിനെക്കുറിച്ച് യുഎസ് അധികൃതർ ചർച്ച ചെയ്തതായി റിപ്പോർട്ടുകളുണ്ട്.

ഭൂമിശാസ്ത്രപരമായി വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിന്റെ ഭാഗവും എന്നാൽ രാഷ്ട്രീയമായി ഡെന്മാർക്കിന്റെ കീഴിലുള്ള ഒരു സ്വയംഭരണ പ്രദേശവുമാണ് ഗ്രീൻലാൻഡ് . ഭൂഖണ്ഡമായി കണക്കാക്കാത്ത ലോകത്തിലെ ഏറ്റവും വലിയ ദ്വീപാണിത്. ലോകത്ത് ഏറ്റവും കുറഞ്ഞ ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ ഒന്നാണിത്.

“If we have to choose between America and Denmark, we will stand with Denmark” – Greenland Prime Minister

Also Read

More Stories from this section

family-dental
witywide