പശ്ചിമേഷ്യൻ യുദ്ധത്തിനിടെ മോദി-മാക്രോൺ ചർച്ചയിൽ നിർണായക തീരുമാനം, സമാധാനത്തിനായി ഒന്നിച്ച് നീങ്ങാൻ തീരുമാനിച്ച് ഇന്ത്യയും ഫ്രാൻസും

അമേരിക്ക, ഇസ്രായേൽ, ഇറാൻ തർക്കം മൂലം പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന യുദ്ധസമാനമായ സാഹചര്യം പരിഹരിക്കാൻ ഇന്ത്യയും ഫ്രാൻസും സംയുക്തമായി നീങ്ങും. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ടെലിഫോൺ സംഭാഷണത്തിലാണ് സമാധാന ശ്രമങ്ങൾ ഏകോപിപ്പിക്കാൻ തീരുമാനമായത്. മേഖലയിലെ സംഘർഷങ്ങളിൽ ഇരു നേതാക്കളും ആശങ്ക പ്രകടിപ്പിക്കുകയും, പ്രശ്നപരിഹാരത്തിന് നയതന്ത്ര ചർച്ചകളിലേക്കും സംവാദങ്ങളിലേക്കും മടങ്ങേണ്ടത് അത്യാവശ്യമാണെന്ന് വിലയിരുത്തുകയും ചെയ്തു. പശ്ചിമേഷ്യയിൽ എത്രയും വേഗം സ്ഥിരത ഉറപ്പാക്കാൻ ഇരു രാജ്യങ്ങളും വരും ദിവസങ്ങളിൽ സഹകരിച്ച് പ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

ലോകക്രമം നിയമങ്ങൾ പാലിക്കുന്നതാകണമെന്നും യുദ്ധങ്ങൾ ഒന്നിനും പരിഹാരമല്ലെന്നും പ്രധാനമന്ത്രി നേരത്തെയും ഓർമ്മിപ്പിച്ചിരുന്നു. യുക്രൈനിലായാലും പശ്ചിമേഷ്യയിലായാലും സംഘർഷങ്ങൾ എത്രയും വേഗം അവസാനിപ്പിക്കണമെന്നാണ് ഇന്ത്യയുടെ നിലപാട്. ആഗോള പ്രതിസന്ധികൾ വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ അന്താരാഷ്ട്ര സംഘടനകൾ ഉടച്ചുവാർക്കണമെന്നും യുഎൻ രക്ഷാസമിതിയിൽ ഇന്ത്യയുടെ സ്ഥിരാംഗത്വം ഉൾപ്പെടെയുള്ള നവീകരണങ്ങൾ വേഗത്തിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമാധാനം പുനഃസ്ഥാപിക്കാനുള്ള ഇന്ത്യയുടെ നയതന്ത്ര ശ്രമങ്ങൾ അന്താരാഷ്ട്ര തലത്തിൽ തുടരുകയാണ്.

ഇതിന്റെ ഭാഗമായി ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാക്ച്ചിയുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ചർച്ച നടത്തി. ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ വധത്തിൽ ഇന്ത്യ ഔദ്യോഗികമായി അനുശോചനം രേഖപ്പെടുത്തിയതിന് പിന്നാലെയായിരുന്നു ഈ നീക്കം. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ഇറാൻ എംബസി സന്ദർശിച്ച് അനുശോചനം അറിയിക്കുകയും ചെയ്തിരുന്നു. പശ്ചിമേഷ്യയിലെ ഇന്ത്യൻ സമൂഹത്തിന്റെ സുരക്ഷ മുൻനിർത്തിയും മേഖലയിലെ സമാധാനത്തിനായും ഇന്ത്യ സജീവമായ ഇടപെടലുകളാണ് നടത്തിവരുന്നത്.

India and France Join Hands for Middle East Peace; PM Modi Discusses Global Crisis with Emmanuel Macron

More Stories from this section

family-dental
witywide