
ന്യൂഡൽഹി: ഇറാനെതിരെയുള്ള അമേരിക്കയുടെ താൽക്കാലിക ഉപരോധം നീങ്ങിയതിനെത്തുടർന്ന് വർഷങ്ങൾക്ക് ശേഷം ഇറാനിൽ നിന്നുള്ള ആദ്യ എൽപിജി ചരക്ക് ഇന്ത്യയിലെത്തുന്നു. പടിഞ്ഞാറൻ തീരത്തെ മംഗലാപുരം തുറമുഖത്തേക്ക് ഉടൻ എത്തുന്ന ഈ കപ്പൽ, പൊതുമേഖലാ സ്ഥാപനങ്ങളായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നിവർ പങ്കിട്ടെടുക്കും. വ്യവസായ വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് ആണ് ഈ വാർത്ത പുറത്തുവിട്ടത്.
2019-ൽ പാശ്ചാത്യ രാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധത്തെത്തുടർന്ന് ഇറാനിൽ നിന്നുള്ള ഊർജ്ജ ഇറക്കുമതി ഇന്ത്യ പൂർണ്ണമായും നിർത്തിവെച്ചിരുന്നു. എന്നാൽ നിലവിലെ സംഘർഷങ്ങൾക്കിടയിൽ അമേരിക്ക ഉപരോധങ്ങളിൽ ഇളവ് വരുത്തിയതോടെയാണ് ‘അറോറ’ എന്ന ടാങ്കർ കപ്പൽ ഇറാനിയൻ എൽപിജിയുമായി ഇന്ത്യയിലേക്ക് തിരിച്ചത്. യുദ്ധസമാനമായ സാഹചര്യത്തിൽ ഹോർമുസ് കടലിടുക്ക് വഴിയുള്ള ഇന്ധന നീക്കം തടസ്സപ്പെട്ടത് ഇന്ത്യയെപ്പോലെയുള്ള രാജ്യങ്ങളെ കടുത്ത പ്രതിസന്ധിയിലാക്കിയിരുന്നു.
മിഡിൽ ഈസ്റ്റിലെ സങ്കീർണ്ണമായ സാഹചര്യം നിലനിൽക്കുമ്പോഴും, ഇറാനിൽ നിന്നുള്ള ഇന്ധന ഇറക്കുമതി പുനരാരംഭിക്കുന്നത് ഇന്ത്യയിലെ ഗാർഹിക-വ്യവസായ മേഖലകളിലെ ഇന്ധന ലഭ്യത ഉറപ്പാക്കാൻ സഹായിക്കും. ഇറാനിൽ നിന്നുള്ള ഈ ആദ്യ ചരക്ക് വരും ദിവസങ്ങളിൽ മംഗലാപുരത്ത് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള നയതന്ത്ര നീക്കങ്ങളുടെ വിജയമായാണ് ഇതിനെ വിലയിരുത്തുന്നത്.
അതേസമയം, പശ്ചിമേഷ്യയിൽ സംഘർഷം തുടരുകയാണെങ്കിലും രാജ്യത്ത് ഊർജ്ജസുരക്ഷിതത്വം ഉറപ്പാക്കിയിട്ടുണ്ടെന്ന് കേന്ദ്ര സർക്കാർ വ്യക്കതമാക്കി. നിലവിൽ ഇന്ത്യ ഏതെങ്കിലും തരത്തിലുള്ള പ്രതിസന്ധി നേരിടുന്നില്ലെന്നും ഇന്ധനകപ്പലുകൾ ഇന്ത്യയിലേക്ക് വരുന്നുണ്ടെന്നും കേന്ദ്രസർക്കാർ ബുധനാഴ്ച അറിയിച്ചു. സർവകക്ഷി യോഗത്തിൽ രാഷ്ട്രീയപാർട്ടികൾക്ക് കേന്ദ്രസർക്കാർ ഇതുസംബന്ധിച്ച ഉറപ്പും നൽകി. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങാണ് യോഗത്തിൽ അധ്യക്ഷത വഹിച്ചത്.













