320 കിമീ വേഗത, ഇന്ത്യയിൽ ബുള്ളറ്റ് ട്രെയിൻ യുഗം വരുന്നു; ആദ്യ സർവീസ് 2027 ഓഗസ്റ്റ് 15 ന് ആരംഭിക്കുമെന്ന് റെയിൽവേ മന്ത്രി

ഇന്ത്യയുടെ ഗതാഗത ചരിത്രത്തിൽ വിപ്ലവം സൃഷ്ടിച്ചുകൊണ്ട് ആദ്യ ബുള്ളറ്റ് ട്രെയിൻ 2027 ഓഗസ്റ്റ് 15-ന് സർവീസ് ആരംഭിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചു. ഒന്നര വർഷത്തിനുള്ളിൽ രാജ്യം ഏറെ കാത്തിരുന്ന ഈ സ്വപ്ന പദ്ധതി യാഥാർത്ഥ്യമാകുമെന്ന് മന്ത്രി വ്യക്തമാക്കി. ഗുജറാത്തിലെ സൂറത്തിൽ നിന്ന് ബിലിമോറയിലേക്കായിരിക്കും ആദ്യ ഘട്ടത്തിലെ സർവീസ് നടക്കുക. മണിക്കൂറിൽ 320 കിലോമീറ്റർ വേഗതയിൽ കുതിച്ചുപായുന്ന ഈ ട്രെയിൻ രാജ്യത്തെ യാത്രാ സൗകര്യങ്ങളെ പുതിയ തലത്തിലേക്ക് ഉയർത്തും.

തുടക്കത്തിൽ സൂറത്ത്-ബിലിമോറ റൂട്ടിലാണെങ്കിലും വൈകാതെ തന്നെ കൂടുതൽ ഇടങ്ങളിലേക്ക് സർവീസ് വ്യാപിപ്പിക്കാനാണ് റെയിൽവേയുടെ തീരുമാനം. വാപിയിൽ നിന്ന് അഹമ്മദാബാദിലേക്കും താനെയിൽ നിന്ന് അഹമ്മദാബാദിലേക്കും തുടർച്ചയായി സർവീസുകൾ ആരംഭിക്കും. പദ്ധതിയുടെ അവസാന ഘട്ടത്തിൽ മുംബൈ-അഹമ്മദാബാദ് റൂട്ടിലെ പൂർണ്ണതോതിലുള്ള സർവീസ് സജ്ജമാകും. നിലവിൽ ഈ റൂട്ടുകളിലെ നിർമ്മാണ പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്.

അത്യാധുനിക സാങ്കേതിക വിദ്യയോടെ നിർമ്മിക്കുന്ന ബുള്ളറ്റ് ട്രെയിൻ പദ്ധതി കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്കും വലിയ പ്രതീക്ഷയാണ് നൽകുന്നത്. മാറ്റത്തിനായി ദാഹിക്കുന്ന യുവജനങ്ങൾക്കും ബിസിനസ് മേഖലയ്ക്കും ഈ വേഗതയേറിയ യാത്ര വലിയ ഗുണകരമാകുമെന്ന് കേന്ദ്ര സർക്കാർ ചൂണ്ടിക്കാട്ടുന്നു. നിശ്ചിത സമയപരിധിക്കുള്ളിൽ തന്നെ പദ്ധതി പൂർത്തിയാക്കി രാജ്യം ബുള്ളറ്റ് ട്രെയിൻ യുഗത്തിലേക്ക് ചുവടുവെക്കുമെന്ന് മന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

More Stories from this section

family-dental
witywide