ട്വന്റി 20 ലോകകപ്പിന്റെ ആവേശം നിറഞ്ഞ രണ്ടാം സെമി ഫൈനലിൽ ഇംഗ്ലണ്ടിനെ 7 റൺസിന് തോൽപ്പിച്ച് ഇന്ത്യ ഫൈനലിൽ പ്രവേശിച്ചു. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ 253 റൺസെന്ന കൂറ്റൻ സ്കോറാണ് പടുത്തുയർത്തിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് 7 വിക്കറ്റ് നഷ്ടത്തിൽ 246 റൺസെടുക്കാനേ സാധിച്ചുള്ളൂ. അവസാന ഓവർ വരെ നീണ്ടുനിന്ന ഉദ്വേഗഭരിതമായ പോരാട്ടത്തിനൊടുവിലാണ് ഇന്ത്യ വിജയം ഉറപ്പാക്കിയത്.
മലയാളി താരം സഞ്ജു സാംസണിന്റെ വെടിക്കെട്ട് ബാറ്റിംഗാണ് ഇന്ത്യൻ വിജയത്തിൽ നിർണ്ണായകമായത്. വെറും 42 പന്തിൽ നിന്ന് 7 സിക്സറുകളും 8 ഫോറുകളും ഉൾപ്പെടെ 89 റൺസെടുത്ത സഞ്ജു സാംസണാണ് മത്സരത്തിലെ താരം. ഇതോടെ ടി20 ലോകകപ്പ് നോക്കൗട്ട് ഘട്ടത്തിൽ ഏറ്റവും ഉയർന്ന സ്കോർ നേടുന്ന ഇന്ത്യൻ താരം എന്ന വിരാട് കോലിയുടെ റെക്കോർഡിനൊപ്പവും സഞ്ജു എത്തി. ഇഷാൻ കിഷൻ (39), ശിവം ദുബെ (43) എന്നിവരും ബാറ്റിംഗിൽ മികച്ച പിന്തുണ നൽകി.
ഇംഗ്ലണ്ടിനായി ജേക്കബ് ബെഥൽ (105) സെഞ്ച്വറി നേടി പോരാടിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാൻ സാധിച്ചില്ല. ഇന്ത്യക്കായി ഹാർദിക് പാണ്ഡ്യയും ജസ്പ്രീത് ബുംറയും നിർണ്ണായക ഘട്ടങ്ങളിൽ വിക്കറ്റുകൾ വീഴ്ത്തി. ഞായറാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിൽ ഇന്ത്യ ന്യൂസിലൻഡിനെ നേരിടും. ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചാണ് ന്യൂസിലൻഡ് ഫൈനലിലെത്തിയത്.
India reach T20 World Cup final after beating England; Sanju Samson shines in semis













