
ന്യൂഡൽഹി: ഇന്ത്യ–യുഎസ് വ്യാപാരക്കരാർ പ്രഖ്യാപനത്തിന് പിന്നാലെ ഇന്ത്യൻ കമ്പനികൾ റഷ്യൻ എണ്ണ ഇറക്കുമതി നിർത്താനുള്ള നടപടികൾ തുടങ്ങിയതായി റിപ്പോർട്ട്. ഇന്ത്യൻ കമ്പനികൾ റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങൽ ഗണ്യമായി കുറച്ചു തുടങ്ങിയെന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. 2023 മേയിൽ പ്രതിദിനം 21 ലക്ഷം ബാരൽ ആയിരുന്ന ഇറക്കുമതി 2026 ജനുവരിയിൽ 11 ലക്ഷം ബാരലായി കുറഞ്ഞിരുന്നു.
ഹിന്ദുസ്ഥാൻ പെട്രോളിയം (HPCL), മംഗളൂരു റിഫൈനറി (MRPL), റിലയൻസ് ഇൻഡസ്ട്രീസ് എന്നിവ റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തിയതായാണ് റിപ്പോർട്ടുകൾ.
എന്നാൽ, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (IOCL), ഭാരത് പെട്രോളിയം (BPCL) എന്നിവ ഇറക്കുമതി ഘട്ടംഘട്ടമായി കുറച്ചുവരികയാണ്. റഷ്യൻ പങ്കാളിത്തമുള്ള നയാര എനർജി നിലവിൽ ഇറക്കുമതി തുടരുന്നുണ്ടെങ്കിലും അവരും ഏപ്രിൽ മാസത്തേക്ക് പുതിയ ഓർഡറുകൾ നൽകിയിട്ടില്ല.
റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തുമെന്ന് ഇന്ത്യ ഉറപ്പ് നൽകിയതിനെത്തുടർന്നാണ് ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന 25% അധിക ശിക്ഷാ തീരുവ അമേരിക്ക ഒഴിവാക്കിയത്. വരും വർഷങ്ങളിൽ അമേരിക്കയിൽ നിന്ന് ഏകദേശം 500 ബില്യൺ ഡോളറിൻ്റെ ഊർജ്ജ-സാങ്കേതിക ഉൽപ്പന്നങ്ങൾ വാങ്ങാൻ ഇന്ത്യ ധാരണയായിട്ടുണ്ട്.
ബ്രസീൽ, വെനിസ്വേല തുടങ്ങിയ രാജ്യങ്ങളിൽ നിന്നും കൂടുതൽ എണ്ണ വാങ്ങാൻ ഇന്ത്യൻ കമ്പനികൾ ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്. ഇന്ത്യ ഇക്കാര്യത്തിൽ ഔദ്യോഗികമായ സ്ഥിരീകരണം ഇതുവരെ നൽകിയിട്ടില്ലെങ്കിലും ഊർജ്ജ സുരക്ഷയ്ക്കാണ് മുൻഗണനയെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
India-US trade deal: Indian companies take steps to stop buying Russian oil











