ഇന്ത്യ – അമേരിക്ക വ്യാപാര കരാർ : നിർണായക നിബന്ധനകളിൽ മയപ്പെടുത്തലുമായി അമേരിക്ക

ന്യൂഡൽഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഇടക്കാല വ്യാപാര കരാറിൻ്റെ ഭാഗമായി ചില നിർണായക നിബന്ധനകളിൽ അമേരിക്കൻ ഭരണകൂടം അടുത്തിടെ മയപ്പെടുത്തൽ വരുത്തി. ഇന്ത്യ ഏർപ്പെടുത്തിയിട്ടുള്ള ഡിജിറ്റൽ സർവീസ് ടാക്സ് പിൻവലിക്കണമെന്ന കർശനമായ ആവശ്യം അമേരിക്കയുടെ പുതിയ ഫാക്ട് ഷീറ്റിൽ നിന്ന് ഒഴിവാക്കി. പകരം, ഡിജിറ്റൽ വ്യാപാരവുമായി ബന്ധപ്പെട്ട തടസ്സങ്ങൾ പരിഹരിക്കുന്നതിന് ഇരുരാജ്യങ്ങളും ചർച്ചകൾ നടത്തുമെന്നാണ് പുതുക്കിയ നിബന്ധന.

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ അമേരിക്കയിൽ നിന്ന് 500 ബില്യൺ ഡോളറിൻ്റെ ഉൽപ്പന്നങ്ങൾ ഇന്ത്യ വാങ്ങുമെന്ന നിബന്ധനയിലെ ‘നിർബന്ധപൂർവ്വമായ ബാധ്യത’ (Committed) എന്ന ഭാഗം ‘താൽപ്പര്യം’ (Intends) എന്നാക്കി മാറ്റിയിട്ടുണ്ട്. അതായത്, ഇത്രയും തുകയ്ക്കുള്ള ഉൽപന്നങ്ങൾ വാങ്ങാൻ ഇന്ത്യ ഉദ്ദേശിക്കുന്നുണ്ടെന്നാണ് നിബന്ധനയിൽ വന്ന മാറ്റം.

ഇന്ത്യ ഇറക്കുമതി തീരുവ കുറയ്ക്കേണ്ട ഉൽപ്പന്നങ്ങളുടെ പട്ടികയിൽ നിന്ന് ‘ചില പയർവർഗ്ഗങ്ങളെ’ വൈറ്റ് ഹൗസ് ഒഴിവാക്കി. ഇത് ഇന്ത്യൻ കർഷകർക്ക് വലിയ ആശ്വാസകരമായ നീക്കമായി കണക്കാക്കപ്പെടുന്നു.

റെഡ് സോർഗം മൃഗങ്ങളുടെ തീറ്റയ്ക്കായി മാത്രമേ ഇറക്കുമതി ചെയ്യാവൂ എന്ന നിബന്ധനയും പുതുക്കിയ കരാറിൽ വ്യത്യാസപ്പെടുത്തിയിട്ടുണ്ട്. റഷ്യൻ എണ്ണ ഇറക്കുമതിയുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്ക് മേൽ ഏർപ്പെടുത്തിയിരുന്ന 25% അധിക പിഴ നികുതി അമേരിക്ക പിൻവലിച്ചിട്ടുണ്ട്. ഇതോടെ ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ ആകെ നികുതി ഏകദേശം 50 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറയും.
മാർച്ച് മാസത്തോടെ ഈ കരാർ ഔദ്യോഗികമായി ഒപ്പുവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

India-US trade deal: US softens crucial terms.

More Stories from this section

family-dental
witywide