
ന്യൂഡൽഹി: ഇന്ത്യയും യുഎസും തമ്മിലുള്ള പുതിയ വ്യാപാര കരാറിനെക്കുറിച്ചുള്ള വസ്തുതാ പത്രിക പുറത്തിറക്കി വൈറ്റ് ഹൗസ്. വസ്തുതാ പത്രിക പ്രകാരം, അമേരിക്കൻ വ്യാവസായിക ഉൽപ്പന്നങ്ങളുടെയും വിവിധതരം ഭക്ഷ്യ-കാർഷിക ഉൽപ്പന്നങ്ങളുടെയും ഇറക്കുമതി തീരുവ ഇന്ത്യ കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യാൻ ഇന്ത്യ സമ്മതിച്ചു. ഫെബ്രുവരി 6-ലെ സംയുക്ത പ്രസ്താവനയിൽ ഉൾപ്പെടാതിരുന്ന “ചില പരിപ്പുവർഗ്ഗങ്ങൾ” വൈറ്റ് ഹൗസിന്റെ പുതിയ റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്.
ഡ്രൈഡ് ഡിസ്റ്റിലേഴ്സ് ഗ്രെയിൻസ്, മണിച്ചോളം, ബദാം, വാൽനട്ട് തുടങ്ങിയ നട്സുകൾ, പഴങ്ങൾ, സോയാബീൻ ഓയിൽ, വൈൻ എന്നിവയും ഈ പട്ടികയിലുണ്ട്.യുഎസിലേക്ക് കയറ്റുമതി ചെയ്യുന്ന ഇന്ത്യൻ കാർഷിക ഉൽപ്പന്നങ്ങൾക്ക് (മസാലകൾ, ചായ, കാപ്പി തുടങ്ങിയവ) പൂജ്യം തീരുവ ലഭിക്കുമെന്ന് വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ നേരത്തെ അറിയിച്ചിട്ടുണ്ട്. ഇന്ത്യൻ കർഷകരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുമെന്നും സുപ്രധാനമായ ധാന്യങ്ങൾ (അരി, ഗോതമ്പ്), പാലുൽപ്പന്നങ്ങൾ എന്നിവയിൽ വിട്ടുവീഴ്ചയില്ലെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഇടക്കാല വ്യാപാര കരാറിൻ്റെ ചട്ടക്കൂട് പ്രഖ്യാപിച്ച് ദിവസങ്ങൾക്ക് ശേഷമാണ് തിങ്കളാഴ്ച വൈറ്റ് ഹൗസ് വസ്തുതാ റിപ്പോർട്ട് പുറത്തുവിട്ടത്. കഴിഞ്ഞ ആഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസിഡൻ്റ് ഡോണൾഡ് ട്രംപും തമ്മിൽ നടത്തിയ ടെലിഫോൺ സംഭാഷണത്തിന് പിന്നാലെയാണ് സംയുക്ത പ്രസ്താവന വന്നത്. ഈ ചർച്ചയിൽ ഇരുനേതാക്കളും ഇടക്കാല വ്യാപാര കരാറിന് രൂപം നൽകുകയും വിപുലമായ ഉഭയകക്ഷി വ്യാപാര കരാറിനായുള്ള ചർച്ചകൾ തുടരുമെന്ന് ഉറപ്പുനൽകുകയും ചെയ്തു.
അതേസമയം, ഫെബ്രുവരി 8-ന് ഭോപ്പാലിൽ നടത്തിയ പത്രസമ്മേളനത്തിൽ ഗോതമ്പ്, അരി, ധാന്യങ്ങൾ, മാവ്, ഉരുളക്കിഴങ്ങ്, സവാള, പയറുവർഗ്ഗങ്ങൾ, വെള്ളരിക്ക, കൂൺ, പരിപ്പുവർഗ്ഗങ്ങൾ, ശീതീകരിച്ച പച്ചക്കറികൾ, ഓറഞ്ച്, മുന്തിരി, നാരങ്ങ, സ്ട്രോബെറി തുടങ്ങിയവ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യില്ല എന്നാണ് കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞിരുന്നത്.
India-US trade deal: White House releases fact sheet,












