
ന്യൂയോർക്ക്: ലോകപ്രശസ്ത ഇന്ത്യൻ ഷെഫ് വികാസ് ഖന്നയ്ക്ക് അമേരിക്കയിൽ അപൂർവ്വ നേട്ടവും ആദരവും. ഏഷ്യൻ അമേരിക്കൻ ആൻഡ് പസിഫിക് ഐലൻഡർ (എഎപിഐ) പൈതൃക മാസത്തോടനുബന്ധിച്ച് ന്യൂയോർക്ക് സംസ്ഥാന സർക്കാരിന്റെ പരമോന്നത അംഗീകാരമായ ‘പ്രത്യേക പ്രശംസാപത്രം’ അദ്ദേഹം ഏറ്റുവാങ്ങി. ഈ ബഹുമതി സ്വന്തമാക്കുന്ന ന്യൂയോർക്ക് സംസ്ഥാന ചരിത്രത്തിലെ ആദ്യത്തെ ഇന്ത്യക്കാരനാണ് വികാസ് ഖന്ന.
സംസ്ഥാന തലസ്ഥാനമായ ആൽബനിയിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ന്യൂയോർക്ക് ഗവർണർ കാത്തി ഹോച്ചുൾ ആണ് അദ്ദേഹത്തിന് പുരസ്കാരം സമ്മാനിച്ചത്. അമൃത്‌സറിൽ ജനിച്ച വികാസ് ഖന്നയെ “ആഗോള പാചക പ്രതീകം” (Global Culinary Icon) എന്നാണ് പ്രശംസാപത്രത്തിൽ വിശേഷിപ്പിച്ചത്.
തനിക്ക് ലഭിച്ച ഈ ചരിത്ര നേട്ടം അങ്ങേയറ്റം വൈകാരികവും വിനയപ്പെടുത്തുന്നതുമാണെന്ന് വികാസ് ഖന്ന സോഷ്യൽ മീഡിയയിൽ കുറിച്ചു. മേയ് 9-ന് നടന്ന ചടങ്ങിൽ സംസാരിക്കവേ അദ്ദേഹം പറഞ്ഞ വാക്കുകൾ ഏറെ ശ്രദ്ധേയമായിരുന്നു: “ഒരു ഇന്ത്യൻ ഷെഫിനെ ഈ ആദരവിന്റെ വേദിയിലേക്ക് ക്ഷണിക്കുക എന്നത് എന്റെ വ്യക്തിപരമായ നേട്ടമല്ല. മറിച്ച് നമ്മുടെ സംസ്കാരത്തിനും കഥകൾക്കും ഇവിടെ പ്രാധാന്യമുണ്ട് എന്നതിൻ്റെ തെളിവാണ്. കുടിയേറ്റക്കാരാണ് പലപ്പോഴും ലോകത്ത് ഏറ്റവും കൂടുതൽ പാർശ്വവൽക്കരിക്കപ്പെടുന്നത്. അവർക്ക് സംരക്ഷണം നൽകുന്നത് കൊണ്ടാണ് ന്യൂയോർക്ക് നഗരം ലോകത്തിന് തന്നെ ഒരു പ്രതീക്ഷയാകുന്നത്.”
കഴിഞ്ഞ മാസം പുറത്തിറങ്ങിയ പ്രശസ്തമായ ‘ടൈം’ മാഗസിൻ്റെ 2026-ലെ ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളുടെ പട്ടികയിലും വികാസ് ഖന്ന ഇടംപിടിച്ചിരുന്നു. “അസാധാരണമായ ഹൃദയമുള്ള മനുഷ്യൻ” എന്നാണ് ടൈം മാഗസിൻ അദ്ദേഹത്തെ വിശേഷിപ്പിച്ചത്. ഭക്ഷണത്തെ ഒരു ആഗോള ഭാഷയായി മാറ്റി ജനങ്ങളെ പരസ്പരം ബന്ധിപ്പിക്കാൻ ഖന്നയ്ക്കുള്ള കഴിവ് അതുല്യമാണെന്ന് പ്രശസ്ത ഷെഫ് എറിക് റിപ്പർ പ്രശംസിച്ചിരുന്നു. വൈവിധ്യമാർന്ന സംസ്കാരങ്ങൾ ന്യൂയോർക്കിനെ ശക്തിപ്പെടുത്തുന്നുവെന്നും കുടിയേറ്റ സമൂഹങ്ങളുടെ അവകാശങ്ങൾക്കായി എപ്പോഴും പോരാടുമെന്നും ചടങ്ങിൽ ഗവർണർ കാത്തി ഹോച്ചുൾ വ്യക്തമാക്കി. ന്യൂയോർക്കിലെ ഏഷ്യൻ കാര്യങ്ങളുടെ ഡയറക്ടർ സിബു നായർ ഉൾപ്പെടെയുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
Indian chef conquers America with his taste; Vikas Khanna receives historic honor from New York Governor!












