ബോംബ് ഭീഷണിയെ തുടർന്ന് ന്യൂയോർക്കിൽ നിന്ന് ഇസ്രയേലിലെ ടെൽ അവീവ് വിമാനത്താവളത്തിലെത്തിയ ഡെൽറ്റ എയർലൈൻസ് വിമാനത്തിലെ യാത്രക്കാരെ ഒഴിപ്പിച്ചു. ചൊവ്വാഴ്ച വിമാനം ബെൻ ഗുരിയോൺ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയതിന് പിന്നാലെയായിരുന്നു നടപടി. യാത്രക്കാരെ ടെർമിനലിലേക്ക് മാറ്റിയശേഷം വിമാനത്തിൽ സുരക്ഷാ പരിശോധന നടത്തി.വിമാനത്തിൽ സ്ഫോടകവസ്തുവുണ്ടെന്ന വിവരത്തെത്തുടർന്നായിരുന്നു പരിശോധന.
എന്നാൽ എയർബസ് എ330 വിമാനത്തിൽ നടത്തിയ പരിശോധനയിൽ സംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ല. ഭീഷണി വ്യാജമാണെന്ന് സ്ഥിരീകരിച്ചതോടെ വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ സാധാരണ നിലയിലായി. അസാധാരണമായി ഒന്നും കണ്ടെത്താനാകാത്തതോടെ പരിശോധന അവസാനിച്ചു. പ്രവർത്തനങ്ങൾ സാധാരണ നിലയിലായി എന്ന് ഇസ്രയേൽ വിമാനത്താവള അതോറിറ്റി വക്താവ് യെനെറ്റ് വാർത്താ മാധ്യമത്തോട് പറഞ്ഞു.
ന്യൂയോർക്കിലെ ജെഎഫ്കെ വിമാനത്താവളത്തിനും ടെൽ അവീവിനുമിടയിൽ ഡെൽറ്റ ദിവസേന സർവീസ് നടത്തുന്നുണ്ട്. പരിശോധനയ്ക്ക് വിധേയമായ വിമാനം തിങ്കളാഴ്ച വൈകിട്ട് 3.30ന് ശേഷമാണ് ന്യൂയോർക്കിൽനിന്ന് പുറപ്പെട്ടത്. പ്രാദേശിക സമയം ചൊവ്വാഴ്ച രാവിലെ 8.30ഓടെ ടെൽ അവീവിലെത്തി. സംഭവസമയത്ത് വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരുടെയും ജീവനക്കാരുടെയും എണ്ണം വ്യക്തമല്ല. ഫ്ലൈദുബായ് വിമാനത്തിലെ സഹപൈലറ്റ് ക്യാപ്റ്റനെ ആക്രമിക്കാൻ ശ്രമിച്ചെന്ന റിപ്പോർട്ടുകൾ പുറത്തുവന്ന് ദിവസങ്ങൾക്കു ശേഷമാണ് പുതിയ സംഭവം.
Delta flight bomb threat: Plane arriving from New York evacuated after landing at Tel Aviv airport – what we know so far













