പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു: ഇന്ത്യൻ യുവാവ് യുഎസിൽ പിടിയിൽ, നാടുകടത്തൽ നടപടിയുമായി ഐസിഇ

വാഷിംഗ്ടൺ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലും മറ്റ് ക്രിമിനൽ കുറ്റകൃത്യങ്ങളിലും ഇന്ത്യൻ യുവാവ് യുഎസിൽ പിടിയിൽ. വോഡേല യഷസ്വി കോട്ടപ്പള്ളിയാണ് ന്യൂജേഴ്‌സിയിൽ വെച്ച് യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെൻ്റിൻ്റെ (ICE) പിടിയിലായത്.

13 വയസ്സിൽ താഴെയുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു എന്ന ഗൗരവമേറിയ ആരോപണത്തിന് പുറമെ, കടകളിൽ നിന്നുള്ള മോഷണം, പൊതുസ്ഥലത്ത് ക്രമസമാധാന ലംഘനം എന്നീ കുറ്റങ്ങളും ഇയാൾക്കെതിരെ നിലവിലുണ്ട്. ഇയാൾ നിയമവിരുദ്ധമായി അമേരിക്കയിൽ താമസിക്കുന്ന വ്യക്തിയാണെന്ന് ഐ.സി.ഇ വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ ഇയാൾ കസ്റ്റഡിയിലാണ്.

യുവാവിനെ അമേരിക്കയിൽ നിന്ന് പുറത്താക്കുന്നതിനുള്ള നടപടികൾ അധികൃതർ ആരംഭിച്ചു കഴിഞ്ഞു. ഡോണൾഡ് ട്രംപിൻ്റെ രണ്ടാം ഭരണകാലത്ത് രേഖകളില്ലാത്ത കുടിയേറ്റക്കാർക്കെതിരെ ഐസിഇ (ICE) നടപടികൾ ശക്തമാക്കുന്നതിനിടയിലാണ് ഈ നീക്കം. കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന വിദേശ പൗരന്മാരെ അറസ്റ്റ് ചെയ്യുന്നതിൻ്റെയും തടങ്കലിൽ വെക്കുന്നതിൻ്റെയും വിവരങ്ങൾ ഏജൻസി പരസ്യമായി പങ്കുവെക്കുന്നുണ്ട്. ഒറിഗണിലെ മോട്ടോർവേയിൽ രണ്ട് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽപ്പെട്ട ഒരു ഇന്ത്യൻ ട്രക്ക് ഡ്രൈവറെക്കുറിച്ചുള്ള വിവരങ്ങളും ഡിസംബറിൽ ഐസിഇ പുറത്തുവിട്ടിരുന്നു. 2022 നവംബറിൽ അരിസോണ വഴി അനധികൃതമായി അമേരിക്കയിൽ പ്രവേശിച്ച ഇയാൾക്ക് പിന്നീട് കാലിഫോർണിയ അധികൃതരിൽ നിന്ന് ജോലി ചെയ്യാനുള്ള അനുമതിയും കൊമേഴ്‌സ്യൽ ഡ്രൈവിംഗ് ലൈസൻസും ലഭിച്ചതായാണ് അധികൃതർ പറയുന്നത്.

Indian man arrested in US for sexually assaulting minor girl, ICE to deport him