അമേരിക്കയിൽ ഇന്ത്യൻ സഹോദരങ്ങൾക്ക് 835 വർഷം തടവ്; വൻകിട ആരോഗ്യ-വിസ തട്ടിപ്പിൽ പെൻസിൽവാനിയയിൽ വിധി

പെൻസിൽവാനിയ: അമേരിക്കൻ ആരോഗ്യമേഖലയെയും കുടിയേറ്റ നിയമങ്ങളെയും കബളിപ്പിച്ച് ദശലക്ഷക്കണക്കിന് ഡോളർ തട്ടിയെടുത്ത രണ്ട് ഇന്ത്യൻ വംശജരായ സഹോദരങ്ങൾക്ക് യുഎസ് കോടതി റെക്കോർഡ് തടവുശിക്ഷ വിധിച്ചു. പെൻസിൽവാനിയയിൽ നിന്നുള്ള ഭാസ്‌കർ സവാനി (60), അരുൺ സവാനി (58) എന്നിവർക്കാണ് സംയുക്തമായി 835 വർഷത്തെ തടവുശിക്ഷ ലഭിച്ചത്. ഭാസ്‌കറിന് 420 വർഷവും അരുണിന് 415 വർഷവുമാണ് ശിക്ഷ. എഫ്‌ബിഐ ഡയറക്ടർ കാഷ് പട്ടേലിനൊപ്പമുള്ള ചിത്രങ്ങൾ മുൻപ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച് ശ്രദ്ധേയരായവരാണ് ഈ സഹോദരങ്ങൾ എന്നത് സംഭവത്തിന്‍റെ ഗൗരവം വർദ്ധിപ്പിക്കുന്നു.

‘സവാനി ഗ്രൂപ്പ്’ എന്ന പേരിൽ ഒരു ക്രിമിനൽ ശൃംഖല തന്നെ നടത്തിവരികയായിരുന്നു ഇരുവരുമെന്ന് യുഎസ് നീതിന്യായ വകുപ്പ് വ്യക്തമാക്കി. ദന്തഡോക്ടറായി പരിശീലനം നേടിയ ഭാസ്‌കറും സഹോദരനും ചേർന്ന് പത്തുവർഷത്തിലേറെയായി ആരോഗ്യരംഗത്തെ ഇൻഷുറൻസ് പദ്ധതിയായ മെഡിക്കെയ്ഡ്, എച്ച്-1 ബി വിസ പ്രോഗ്രാം എന്നിവ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടത്തിയത്. യോഗ്യതയില്ലാത്ത ദന്തഡോക്ടർമാരെ ഉപയോഗിച്ച് ചികിത്സ നടത്തുകയും വിദേശത്ത് പോയ ഡോക്ടർമാരുടെ പേരിൽ വ്യാജ ബില്ലുകൾ ചമയ്ക്കുകയും ചെയ്തതിലൂടെ മെഡിക്കെയ്ഡ് പദ്ധതിക്ക് മാത്രം ഏകദേശം 30 ദശലക്ഷം ഡോളറിന്റെ നഷ്ടമുണ്ടാക്കി.

വിസ തട്ടിപ്പിലൂടെ കുടിയേറ്റക്കാരെ ചൂഷണം ചെയ്തതായും കള്ളപ്പണം വെളുപ്പിക്കൽ, നികുതി വെട്ടിപ്പ് എന്നിവ നടത്തിയതായും കോടതി കണ്ടെത്തി. ഇവർക്കൊപ്പം അലക്സാണ്ട്ര ഓല റാഡോമിക് എന്ന കൂട്ടാളിയും കുറ്റക്കാരിയാണെന്ന് കോടതി വിധിച്ചു. കൂടാതെ നിരഞ്ജൻ സവാനി, അമൻ ധില്ലൺ, സുനിൽ ഫിലിപ്പ്, സൂസൻ മൽപാർട്ടിഡ എന്നിവരും വിവിധ കുറ്റങ്ങളിൽ ശിക്ഷിക്കപ്പെട്ടവരിൽ ഉൾപ്പെടുന്നു. അമേരിക്കൻ ആരോഗ്യ-നിയമ വ്യവസ്ഥകളെ ഇത്രത്തോളം ആസൂത്രിതമായി ചൂഷണം ചെയ്ത മറ്റൊരു സംഘം അടുത്ത കാലത്തൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് പ്രോസിക്യൂട്ടർമാർ ചൂണ്ടിക്കാട്ടി.

More Stories from this section

family-dental
witywide