4 വയസുകാരി മകളെ ശ്വാസം മുട്ടിച്ച് കൊന്ന ശേഷം ഇന്ത്യൻ വംശജയായ ഡോക്ടറുടെ നാടകം, നിർണായക തെളിവുകൾ പുറത്ത്, ക്രൂര കൊലപാതകത്തിന് കേസ്

വാഷിംഗ്ടൺ: ഫ്ലോറിഡയിൽ നാലുവയസ്സുകാരിയായ മകൾ ആര്യ തലാത്തിയെ ശ്വാസം മുട്ടിച്ചു കൊന്ന ശേഷം കുളത്തിൽ മുങ്ങിയുള്ള മരണമാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഇന്ത്യൻ വംശജയായ ഡോക്ടറുടെ ‘911’ കോൾ ദൃശ്യങ്ങൾ പുറത്ത്. ഒക്‌ലഹോമയിലെ ശിശുരോഗ വിദഗ്ധയായ നേഹ ഗുപ്ത (37), പോലീസിനെ തെറ്റിദ്ധരിപ്പിക്കാനായി ബോധപൂർവ്വം നടത്തിയ നാടകമായിരുന്നു ഈ ഫോൺ വിളിയെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി.
“അവൾ സ്വിമ്മിംഗ് പൂളിന്റെ അടിയിലാണ്. എനിക്ക് നീന്താൻ അറിയില്ല. അവളെ രക്ഷിക്കാൻ ഞാൻ ശ്രമിച്ചു,” എന്ന് നേഹ കരഞ്ഞുകൊണ്ട് പറയുന്നത് റെക്കോർഡിംഗിലുണ്ട്.

കുഞ്ഞിനെ ഉടൻ പുറത്തെടുക്കാൻ ഡിസ്പാച്ചർ ആവശ്യപ്പെട്ടപ്പോൾ, തനിക്ക് നീന്തൽ അറിയില്ലെന്ന് ആവർത്തിച്ച നേഹ, പാരാമെഡിക്സ് എപ്പോൾ എത്തുമെന്ന് മാത്രമാണ് ചോദിച്ചത്. “പൂൾ ക്ലീൻ ചെയ്യുന്ന സ്റ്റിക്ക് ഉപയോഗിച്ചോ മറ്റോ അവളെ പുറത്തെടുക്കാൻ ശ്രമിക്കൂ” എന്ന് ഡിസ്പാച്ചർ നിർദ്ദേശിച്ചെങ്കിലും നേഹ കാര്യമായ ശ്രമങ്ങളൊന്നും നടത്തിയില്ലെന്ന് പോലീസ് പറയുന്നു. പോസ്റ്റുമോർട്ടത്തിൽ കുട്ടിയുടെ ശ്വാസകോശത്തിലോ വയറ്റിലോ വെള്ളം കണ്ടെത്തിയില്ല. കുഞ്ഞിനെ വെള്ളത്തിൽ ഇടുന്നതിന് മുൻപേ മരണം സംഭവിച്ചിരുന്നുവെന്ന് ഇത് തെളിയിക്കുന്നു.

കുഞ്ഞിന്റെ വായയുടെ ഉള്ളിൽ മുറിവുകളും കവിളിൽ ചതവുകളും കണ്ടെത്തി. തലയണയോ മറ്റോ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് മെഡിക്കൽ എക്സാമിനർ സ്ഥിരീകരിച്ചു. കുഞ്ഞിന്റെ പിതാവ് സൗരഭ് തലാത്തി കുട്ടിയുടെ പൂർണ്ണ സംരക്ഷണത്തിനായി കോടതിയെ സമീപിച്ചിരുന്നു. കുഞ്ഞിനെ ഫ്ലോറിഡയിലേക്ക് കൊണ്ടുപോയ കാര്യം പിതാവിനെ നേഹ അറിയിച്ചിരുന്നില്ല. കുഞ്ഞ് മരിക്കുന്നതിന് ആഴ്ചകൾക്ക് മുൻപ് മെഡിക്കൽ സർവീസിൽ നിന്ന് നേഹയെ പിരിച്ചുവിട്ടിരുന്നു. അവരുടെ മാനസികാരോഗ്യം തകരാറിലായിരുന്നുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. രണ്ടാം ഡിഗ്രി കൊലപാതകക്കുറ്റം ചുമത്തപ്പെട്ട നേഹ ഗുപ്ത നിലവിൽ മിയാമിയിലെ ജയിലിലാണ്. ഇവർക്ക് ജാമ്യം അനുവദിച്ചിട്ടില്ല. 2026 മെയ് മാസത്തിൽ കേസ് വീണ്ടും കോടതി പരിഗണിക്കും.

More Stories from this section

family-dental
witywide