ടെക്സാസ് എന്തുകൊണ്ടാണ് മുംബൈ ആയി മാറുന്നതെന്ന് ഇപ്പോൾ മനസ്സിലായില്ലേ? ഇന്ത്യൻ വംശജനായ റിപ്പബ്ലിക്കൻ പാർട്ടി നേതാവിന് മാഗ അനുകൂലിയുടെ വംശീയ അധിക്ഷേപം

വാഷിംഗ്ടൺ: ടെക്സാസ് റിപ്പബ്ലിക്കൻ പാർട്ടി ചെയർമാനും ഇന്ത്യൻ വംശജനുമായ എബ്രഹാം ജോർജിനെതിരെ മാഗ അനുകൂലിയായ എലിജ ഷാഫർ നടത്തിയ വംശീയ പരാമർശങ്ങൾ വലിയ വിവാദത്തിലേക്ക്. എബ്രഹാം ജോർജിന്റെ ഒരു വീഡിയോ പങ്കുവെച്ചുകൊണ്ട് അദ്ദേഹത്തിൻ്റെ ഉച്ചാരണശൈലിയെ പരിഹസിച്ച ഷാഫർ, ടെക്സാസ് റിപ്പബ്ലിക്കൻ പാർട്ടി നയിക്കുന്നത് ഒരു ഇന്ത്യൻ വംശജനാണെന്നും അദ്ദേഹത്തിന് ഇന്ത്യൻ ഉച്ചാരണമാണെന്നും സോഷ്യൽ മീഡിയയിൽ കുറിച്ചു. ടെക്സാസ് എന്തുകൊണ്ടാണ് മുംബൈ ആയി മാറുന്നതെന്ന് ഇപ്പോൾ മനസ്സിലായില്ലേ എന്ന് ചോദിച്ച ഷാഫർ, ടെക്സാസിനെ എച്ച്1ബി (H1B) ഇമിഗ്രേഷൻ തട്ടിപ്പിന്റെ കേന്ദ്രമെന്നും വിശേഷിപ്പിച്ചു.

ഡെമോക്രാറ്റുകൾ മാത്രമല്ല, സ്വന്തം പാർട്ടിയായ റിപ്പബ്ലിക്കൻ പാർട്ടി തന്നെയാണ് ഇതിന് ഒത്താശ ചെയ്യുന്നതെന്നും ഇന്ത്യക്കാർ സ്വന്തം വംശത്തോട് മാത്രമാണ് കൂറ് കാണിക്കുന്നതെന്നുമുള്ള വംശീയ അധിക്ഷേപവും അദ്ദേഹം നടത്തി.

വിവേക് ​​രാമസ്വാമിയെപ്പോലുള്ള ഇന്ത്യൻ വംശജരായ രാഷ്ട്രീയക്കാർ അവരുടെ ഹിന്ദു മതം കാരണം യുഎസിൽ വംശീയ ആക്രമണങ്ങൾ നേരിടുമ്പോൾ, എബ്രഹാം ജോർജ് ഒരു ക്രിസ്ത്യാനിയാണ് എന്നതും ശ്രദ്ധേയമാണ്. 2023-ൽ ടെക്സസിലെ 89-ാമത് ഹൗസ് ഡിസ്ട്രിക്റ്റിലേക്കുള്ള റിപ്പബ്ലിക്കൻ പ്രൈമറിയിൽ പരാജയപ്പെട്ടതിന് ശേഷം 2024-ൽ അദ്ദേഹം ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടു.

ഷാഫറുടെ പരാമർശങ്ങൾക്കെതിരെ വ്യാപകമായ വിമർശനമാണ് ഉയരുന്നത്. അമേരിക്കയിലെ ഇന്ത്യൻ വംശജരായ രാഷ്ട്രീയ നേതാക്കൾക്കെതിരെ വർദ്ധിച്ചുവരുന്ന വംശീയ ആക്രമണങ്ങളുടെ ഭാഗമായാണ് ഈ സംഭവം വിലയിരുത്തപ്പെടുന്നത്.

Indian-origin Republican Party leader racially abused by MAGA supporter in US

More Stories from this section

family-dental
witywide