കഞ്ചാവ് ഉപയോഗിച്ചെന്ന് വെളിപ്പെടുത്തൽ; ഇന്ത്യൻ വിദ്യാർത്ഥിയെ അമേരിക്കയിൽ നിന്ന് നാടുകടത്തി

വാഷിംഗ്ടൺ: നിയമവിരുദ്ധമായി ജോലി ചെയ്തതോ മദ്യപിച്ച് വാഹനമോടിച്ചതോ ആയ (DUI) ഒരു കുറ്റകൃത്യവും ഇല്ലാതിരുന്നിട്ടും, ഒരു സത്യസന്ധമായ മറുപടിയുടെ പേരിൽ ഇന്ത്യൻ വിദ്യാർത്ഥിക്ക് അമേരിക്കയിൽ നിന്നും നാടുകടത്തപ്പെടേണ്ടി വന്നു. സാൻ ജോസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇമിഗ്രേഷൻ അറ്റോർണി മാളവിക നന്ദിവേലുഗുവാണ് ഈ സംഭവത്തെക്കുറിച്ച് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.

വിമാനത്താവളത്തിലെ പരിശോധനയ്ക്കിടെ, ‘എപ്പോഴെങ്കിലും കഞ്ചാവ് (weed) ഉപയോഗിച്ചിട്ടുണ്ടോ?’ എന്ന ചോദ്യത്തിന് ‘ഉണ്ട്’ എന്ന് വിദ്യാർത്ഥി സത്യസന്ധമായി മറുപടി നൽകുകയായിരുന്നു. ഇതാണ് നാടുകടത്തലിലേക്ക് നയിച്ചത്.

അമേരിക്കയിലെ പല സ്റ്റേറ്റുകളിലും കഞ്ചാവ് നിയമവിധേയമാണെങ്കിലും ഫെഡറൽ നിയമപ്രകാരം ഇത് ഇപ്പോഴും കുറ്റകരമാണ്. വിസ, ഇമിഗ്രേഷൻ നടപടികൾ കൈകാര്യം ചെയ്യുന്നത് ഈ ഫെഡറൽ നിയമത്തിൻ്റെ അടിസ്ഥാനത്തിലാണ്. എഫ്-1 വിസയിലുള്ള ഒരു വിദ്യാർത്ഥി ഒരിക്കൽ പോലും കഞ്ചാവ് ഉപയോഗിച്ചു എന്ന് സമ്മതിക്കുന്നത് അവരുടെ വിസാ പദവി റദ്ദാക്കാൻ കാരണമാകുമെന്ന് മാളവിക നന്ദിവേലുഗു മുന്നറിയിപ്പ് നൽകുന്നു.

“ഇത് ധാർമ്മികതയുടെ പ്രശ്നമല്ല, മറിച്ച് നിയമത്തിൻ്റെ പ്രത്യാഘാതമാണ്. ആ കുട്ടി കള്ളം പറഞ്ഞിട്ടില്ല, നിയമം ലംഘിക്കണമെന്ന് ആഗ്രഹിച്ചിട്ടുമില്ല. പക്ഷേ താൻ പറയുന്ന വാക്കിൻ്റെ ഗൗരവം അവന് അറിയില്ലായിരുന്നു. ആ അറിവില്ലായ്മയ്ക്ക് വലിയ വില നൽകേണ്ടി വന്നു,” അറ്റോർണി കുറിച്ചു. ഓറിയൻ്റേഷൻ ക്ലാസുകളിൽ ഇത്തരം കാര്യങ്ങൾ പറയാറുണ്ടെങ്കിലും പല വിദ്യാർത്ഥികളും ഇത് ഗൗരവമായി എടുക്കാറില്ലെന്നും അവർ കൂട്ടിച്ചേർത്തു. ” അമേരിക്കയിലുള്ള തങ്ങളുടെ മക്കൾ വിനോദത്തിനായി ലഹരിമരുന്നുകൾ ഉപയോഗിച്ച് തുടങ്ങുന്നതും, സമയവും പണവും പാഴാക്കി ഒടുവിൽ സ്വന്തം ഭാവി തന്നെ നശിപ്പിക്കുന്നതും കണ്ട് നാട്ടിലിരുന്ന് നരകയാതന അനുഭവിക്കുന്ന മാതാപിതാക്കളെ ഞാൻ കണ്ടിട്ടുണ്ട്”- അവർ പറയുന്നു

ബ്രിട്ടീഷ് രാജകുമാരൻ ഹാരിയും സമാനമായ മയക്കുമരുന്ന് വിവാദത്തിൽപ്പെട്ടിരുന്നു. തൻ്റെ ആത്മകഥയായ ‘സ്പെയറിൽ’ അദ്ദേഹം മയക്കുമരുന്ന് ഉപയോഗിച്ചതായി സമ്മതിച്ചിട്ടുണ്ട്. യുഎസ് വിസ അപേക്ഷകളിൽ മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ച് ചോദിക്കാറുണ്ടെങ്കിലും ഹാരിയെ നാടുകടത്തിയിരുന്നില്ല. ഇത് വലിയ നിയമപോരാട്ടങ്ങൾക്ക് വഴിവെച്ചിരുന്നു.

സ്റ്റേറ്റ് നിയമങ്ങളിൽ കഞ്ചാവ് നിയമവിധേയമായത് കൊണ്ട് അത് വിസ നടപടികളിൽ ബാധിക്കില്ല എന്ന തെറ്റായ ധാരണ വിദ്യാർത്ഥികൾ തിരുത്തണമെന്നും ഇമിഗ്രേഷൻ വിദഗ്ധർ ഓർമ്മിപ്പിക്കുന്നു.

Indian student deported from US after being found to have used marijuana

More Stories from this section

family-dental
witywide