
ന്യൂയോർക്ക്: യുഎസ് വിസ റദ്ദാക്കപ്പെട്ട വിവരമറിയാതെ യാത്രതിരിച്ച ഇന്ത്യൻ വിദ്യാർത്ഥിയെ നെതർലാൻഡ്‌സിലെ ആംസ്റ്റർഡാം വിമാനത്താവളത്തിൽ യുഎസ് അതിർത്തി സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞു. ഉപരിപഠനത്തിനായി അമേരിക്കയിലെത്തിയ ഹൈദരാബാദ് സ്വദേശിയായ വിദ്യാർത്ഥിക്കാണ് വിമാനത്താവളത്തിൽ വെച്ച് രാജ്യം വിടേണ്ടി വന്ന ദുരനുഭവം ഉണ്ടായത്. അവധിക്കാലം ആഘോഷിച്ച ശേഷം യുഎസിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം.
ഹൈദരാബാദിൽ നിന്നും കണക്റ്റിംഗ് ഫ്ലൈറ്റ് വഴി ആംസ്റ്റർഡാമിലെത്തിയ വിദ്യാർത്ഥി, അവിടെ നിന്നും ന്യൂയോർക്കിലെ ജെഎഫ്കെ വിമാനത്താവളത്തിലേക്കുള്ള വിമാനത്തിൽ കയറാൻ ഒരുങ്ങുമ്പോഴാണ് യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ ഉദ്യോഗസ്ഥർ തടഞ്ഞത്. വിദ്യാർത്ഥിയുടെ എഫ്-1 സ്റ്റുഡൻ്റ് വിസയ്ക്ക് നിലവിൽ സാധുതയില്ലെന്നും വിസ റദ്ദാക്കപ്പെട്ടിരിക്കുകയാണെന്നും അധികൃതർ അറിയിക്കുകയായിരുന്നു. തുടർനടപടികൾക്കായി ഇന്ത്യയിലെ യുഎസ് കോൺസുലേറ്റുമായി ബന്ധപ്പെടാൻ നിർദ്ദേശിച്ച അധികൃതർ, വിദ്യാർത്ഥിയെ അടിയന്തിരമായി നാട്ടിലേക്ക് തന്നെ തിരിച്ചയച്ചു.
യാത്രാവിലക്ക് നേരിട്ടപ്പോഴാണ് വിസ റദ്ദാക്കപ്പെട്ട വിവരം താൻ അറിയുന്നതെന്ന് വിദ്യാർത്ഥി വ്യക്തമാക്കുന്നു. മദ്യപിച്ച് വാഹനമോടിക്കൽ, ട്രാഫിക് നിയമലംഘനങ്ങൾ, മറ്റ് ക്രിമിനൽ കേസുകൾ തുടങ്ങി യാതൊരുവിധ നിയമപ്രശ്നങ്ങളിലും താൻ ഉൾപ്പെട്ടിട്ടില്ലെന്നും, വിസ റദ്ദാക്കാനുള്ള കാരണം വ്യക്തമല്ലെന്നും വിദ്യാർത്ഥി പറയുന്നു.
തുടർന്ന് വിദ്യാർത്ഥി പഠിക്കുന്ന യുഎസ് സർവ്വകലാശാലയുമായി ബന്ധപ്പെട്ടപ്പോൾ, വിദ്യാഭ്യാസ സ്ഥാപനം നൽകുന്ന ഔദ്യോഗിക രേഖയായ ഫോം ഐ-20, വിദ്യാർത്ഥികളുടെ വിവരങ്ങൾ സൂക്ഷിക്കുന്ന ഇലക്ട്രോണിക് സംവിധാനമായ സെവിസ് റെക്കോർഡ് എന്നിവയെല്ലാം നിലവിൽ സജീവവും മികച്ച നിലയിലുമാണെന്നാണ് സർവ്വകലാശാല അറിയിച്ചത്. യുഎസിനുള്ളിൽ നിയമപരമായി തുടരുന്നതിനാണ് സെവിസ് റെക്കോർഡ് പരിശോധിക്കുന്നത് എന്നതിനാലാണ് വിസ റദ്ദാക്കപ്പെട്ടിട്ടും കോളേജ് രേഖകളിൽ പ്രശ്നങ്ങളൊന്നും കാണിക്കാതിരുന്നത്.
സമാനമായ സാഹചര്യങ്ങളിൽ പെടുന്ന വിദ്യാർത്ഥികൾ വിസ റദ്ദാക്കപ്പെടാനുള്ള യഥാർത്ഥ കാരണം യുഎസ് കോൺസുലേറ്റുമായി ബന്ധപ്പെട്ട് എത്രയും വേഗം കണ്ടെത്തുക. ഒട്ടും സമയം കളയാതെ പുതിയ എഫ്-1 വിസയ്ക്കായി അപേക്ഷ സമർപ്പിക്കുക. പുതിയ വിസയ്ക്കുള്ള അഭിമുഖത്തിൽ , മുൻപ് വിസ റദ്ദാക്കപ്പെട്ടിരുന്നു എന്ന വസ്‌തുത യാതൊരു കാരണവശാലും ഒളിച്ചുവെക്കാൻ പാടുള്ളതല്ല. ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകണമെന്നും വിദഗ്ധർ നിർദേശിക്കുന്നു.
Indian student stopped in Amsterdam after traveling to US without knowing his visa was cancelled















