“എനിക്ക് എൻ്റെ നിയമങ്ങൾ അറിയാം”: ടെക്സസിൽ ഇന്ത്യൻ ടെക്കിയും മാധ്യമപ്രവർത്തകയും തമ്മിൽ നടുറോഡിൽ തർക്കം; വീഡിയോ വൈറൽ

ടെക്സസ്: എച്ച്-1ബി വിസ നിയമങ്ങൾ ലംഘിച്ച് ഫുഡ് ട്രക്ക് ബിസിനസ് നടത്തുന്നു എന്നാരോപിച്ച് ഇന്ത്യൻ ഐടി ജീവനക്കാരനെ മാധ്യമപ്രവർത്തക ചോദ്യം ചെയ്ത സംഭവം സോഷ്യൽ മീഡിയയിൽ വൻ ചർച്ചയാകുന്നു. ടെക്സസിലെ മാധ്യമപ്രവർത്തകയായ സാറ ഗോൺസാലസും തെലങ്കാന സ്വദേശിയായ നവീൻ തുമ്ലയും തമ്മിലുണ്ടായ തർക്കത്തിൻ്റെ വീഡിയോയാണ് ഇപ്പോൾ പ്രചരിക്കുന്നത്.

എച്ച്-1ബി വിസയിൽ അമേരിക്കയിലെത്തിയ നവീൻ, ഫ്ലെക്സറ ഗ്ലോബൽ എന്ന കമ്പനിയിലെ ജീവനക്കാരനാണ്. എന്നാൽ ഇദ്ദേഹം ‘ഗോൽകൊന എക്സ്പ്രസ്’ എന്ന ഫുഡ് ട്രക്ക് ശൃംഖല നടത്തുന്നുണ്ടെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് സാറ ഗോൺസാലസ് സ്ഥലത്തെത്തിയത്. എച്ച്-1ബി വിസയിലുള്ളവർ മറ്റ് ബിസിനസുകൾ നടത്താൻ പാടില്ലെന്ന നിയമം നവീൻ ലംഘിച്ചുവെന്നായിരുന്നു ഇവരുടെ ആരോപണം.

ഫുഡ് ട്രക്കിനുള്ളിൽ ജോലി ചെയ്തുകൊണ്ടിരുന്ന നവീനെ സാറ ക്യാമറയുമായി നേരിടുകയായിരുന്നു. നവീൻ തന്നെയാണോ ഇതിൻ്റെ ഉടമയെന്നും എച്ച്-1ബി വിസയിലിരുന്ന് എങ്ങനെയാണ് ബിസിനസ് നടത്തുന്നതെന്നും അവർ ചോദിച്ചു. “നിങ്ങൾ ഓർഡർ എടുക്കുന്നത് ഞാൻ കണ്ടു. സോഷ്യൽ മീഡിയയിൽ നിങ്ങൾ സ്വയം ‘മാസ്റ്റർ ഷെഫ്’ എന്ന് വിളിക്കുന്നു.” എന്നായി സാറയുടെ വാദം. ഇതിന് നവീൻ നൽകിയ മറുപടികൾ ഇങ്ങനെയായിരുന്നു:

“ഞാൻ ഈ ബിസിനസിൻ്റെ ഉടമയോ ഷെഫോ അല്ല. ഇത് എൻ്റെ ഭാര്യയുടെ ബിസിനസാണ്. ജോലി കഴിഞ്ഞ് വൈകുന്നേരം 4 മണിക്ക് ശേഷം അവരെ സഹായിക്കാൻ എത്തിയതാണ്.”

“ഒരു പ്രിൻ്റർ ശരിയാക്കാൻ വന്നതാണ് ഞാൻ. എൻ്റെ ഭാര്യയുടെ ബിസിനസിനെ സഹായിക്കാൻ എനിക്ക് അവകാശമില്ലേ? അതിന് എനിക്ക് ശമ്പളം ലഭിക്കുന്നില്ല. എനിക്ക് എൻ്റെ നിയമങ്ങളും അവകാശങ്ങളും കൃത്യമായി അറിയാം. എൻ്റെ സ്ഥലത്തേക്ക് അതിക്രമിച്ചു കയറിയതിന് മാപ്പ് പറയണം. സ്വന്തം കാര്യം നോക്കൂ.” എന്നും നവീൻ സാറയോട് പറഞ്ഞു.

സംഭാഷണത്തിനിടെ നവീൻ്റെ ഇംഗ്ലീഷ് തനിക്ക് മനസ്സിലാകുന്നില്ലെന്ന് പറഞ്ഞ് സാറ അദ്ദേഹത്തെ പരിഹസിക്കുകയും ചെയ്തു.

വീഡിയോ പുറത്തുവന്നതോടെ വലിയ രീതിയിലുള്ള പ്രതികരണങ്ങളാണ് ലഭിക്കുന്നത്. എച്ച്-4 വിസയുള്ള ഭാര്യമാർക്ക് നിയമപരമായി ബിസിനസ് തുടങ്ങാൻ അനുവാദമുണ്ടെന്നും, ജോലിക്ക് ശേഷം ഭാര്യയെ സഹായിക്കുന്നതിൽ തെറ്റില്ലെന്നും പറഞ്ഞ് നിരവധി പേർ നവീനെ പിന്തുണച്ചു. ഒരു മാധ്യമപ്രവർത്തക എന്ന നിലയിൽ നിയമങ്ങൾ കൃത്യമായി മനസ്സിലാക്കാതെ ഒരാളെ പരസ്യമായി അപമാനിക്കുകയാണ് സാറ ചെയ്തതെന്നാണ് സോഷ്യൽ മീഡിയയിലെ ഭൂരിഭാഗം അഭിപ്രായവും.
നിയമപരമായ വിസയിൽ ജോലി ചെയ്യുന്നവരെ അനാവശ്യമായി വേട്ടയാടുന്നുവെന്നും അമേരിക്കയിലെ മറ്റ് കുടിയേറ്റ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഇത്തരം നീക്കങ്ങളെന്നും വിമർശനമുയരുന്നുണ്ട്.

Indian techie and journalist have a fight in the middle of the road in Texas; Video goes viral

More Stories from this section

family-dental
witywide