
ന്യൂയോർക്ക്: യുഎസിലെ ന്യൂയോർക്കിൽ ഫോൺ വഴി ഭീഷണിപ്പെടുത്തി വൻ തുക തട്ടിയെടുത്ത ശ്രമിച്ച 23 വയസ്സുകാരനായ ഇന്ത്യൻ യുവാവ് പിടിയിലായി. കാലിഫോർണിയയിൽ താമസിക്കുന്ന തുഷാർ ശർമ എന്ന യുവാവിനെയാണ് ന്യൂയോർക്ക് സ്റ്റേറ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ഏകദേശം 2,00,000 ഡോളർ (ഏകദേശം 1.6 കോടി രൂപ) തട്ടിയെടുത്തു എന്ന പരാതിയിലാണ് നടപടി.
ഹോംലാൻഡ് സെക്യൂരിറ്റി വിഭാഗത്തിലെ ഉദ്യോഗസ്ഥനാണെന്ന് വ്യാജേന ഫോൺ വിളിച്ചാണ് തുഷാർ തട്ടിപ്പ് നടത്തിയത്. മയക്കുമരുന്ന് കടത്ത്, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഇരയുടെ പേരിൽ അറസ്റ്റ് വാറണ്ട് ഉണ്ടെന്നും, ഇത് ഒഴിവാക്കാൻ വൻ തുക നൽകണമെന്നും ഇയാൾ ഭീഷണിപ്പെടുത്തി. ഭയന്നുപോയ പരാതിക്കാരൻ ന്യൂയോർക്കിലെ ബെയ്ൻബ്രിഡ്ജ് ഏരിയയിലുള്ള നിശ്ചിത സ്ഥലങ്ങളിൽ വെച്ച് രണ്ട് തവണയായി വലിയ തുകകൾ കൈമാറി. മൂന്നാം തവണയും പണം ആവശ്യപ്പെട്ടതോടെയാണ് ഇര പൊലീസിനെ സമീപിച്ചത്.
തുടർന്ന് 1,00,000 ഡോളർ കൈമാറാനായി എത്തിയ തുഷാറിനെ ന്യൂയോർക്ക് സ്റ്റേറ്റ് ട്രൂപ്പർമാർ വലയിലാക്കുകയായിരുന്നു. ഇയാളിൽ നിന്ന് പണം വീണ്ടെടുത്തിട്ടുണ്ട്. ഗൂഢാലോചന, മോഷണം, തട്ടിപ്പ് തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. നിലവിൽ ജാമ്യത്തിൽ വിട്ട തുഷാർ 2026 ഏപ്രിൽ 20-ന് ബെയ്ൻബ്രിഡ്ജ് ടൗൺ കോടതിയിൽ ഹാജരാകണം.
സംഭവത്തിൽ കൂടുതൽ പേർ ഇരയായിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്. നിയമപാലകർ ഒരിക്കലും പണം ആവശ്യപ്പെട്ട് ഫോണിൽ വിളിക്കില്ലെന്നും, ഇത്തരം കോളുകൾ വന്നാൽ ഉടൻ വിവരം പൊലീസിനെ അറിയിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
Indian youth arrested in New York for trying to extort Rs 1.6 crore through phone calls and threats















