
വാഷിംഗ്ടൺ: യുഎസിലെ ന്യൂ മെക്സിക്കോയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ഇന്ത്യൻ യുവാവ് മരണപ്പെട്ടു. ഹൈദരാബാദ് സ്വദേശിയായ പൂർണ ഗോപി അവല (31) ആണ് മരിച്ചത്. അപകടത്തിൽ യുവാവിൻ്റെ മാതാപിതാക്കൾക്കും സഹോദരനും ഗുരുതരമായി പരിക്കേറ്റു. പൂർണയുടെ വിവാഹാലോചനകൾ നടത്തുന്നതിനായി മാതാപിതാക്കൾ ഇന്ത്യയിൽ നിന്നും യുഎസിൽ എത്തി മൂന്നാം ആഴ്ചയിലാണ് കുടുംബത്തെയാകെ കണ്ണീരിലാഴ്ത്തിയ ദുരന്തം സംഭവിച്ചത്.
മേയ് 17ന് ന്യൂ മെക്സിക്കോയിലെ വൈറ്റ് സാൻഡ്‌സ് നാഷണൽ പാർക്കിന് സമീപമായിരുന്നു അപകടം. പൂർണ ഗോപിയും സഹോദരൻ മുരളിയും ചേർന്ന് ഓടിച്ചിരുന്ന വാഹനം, റോഡരികിലെ എമർജൻസി ലൈനിൽ ഹസാർഡ് ലൈറ്റുകൾ തെളിയിച്ച് നിർത്തിയിട്ടിരിക്കുകയായിരുന്നു. ഈ സമയം അമിതവേഗതയിൽ പാഞ്ഞുവന്ന പിക്ക് അപ്പ് ട്രക്ക് ഇവരുടെ കാറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പൂർണ ഗോപി സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പൂർണയുടെ പിതാവിനെ എയർലിഫ്റ്റ് വഴി ആൽബുക്കർക്കിയിലെ ആശുപത്രിയിലേക്ക് മാറ്റി. മുൻ മിലിട്ടറി ഉദ്യോഗസ്ഥനായ ഇദ്ദേഹത്തിൻ്റെ കഴുത്തിനും വാരിയെല്ലുകൾക്കും ഒടിവുണ്ട്. കൈകൾക്കും മുഖത്തെ അസ്ഥികൾക്കും ഒടിവേറ്റ മാതാവും, ആന്തരിക രക്തസ്രാവത്തെ തുടർന്ന് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയ സഹോദരൻ മുരളിയും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
കഴിഞ്ഞ 10 വർഷമായി യുഎസിൽ ജോലി ചെയ്യുന്ന പൂർണ ഗോപി മാത്രമായിരുന്നു ഈ കുടുംബത്തിൻ്റെ ഏക സാമ്പത്തിക ആശ്രയം. ഉപരിപഠനം കഴിഞ്ഞയുടൻ അപകടത്തിൽപ്പെട്ട സഹോദരൻ്റെയും മാതാപിതാക്കളുടെയും ചികിത്സാച്ചെലവുകൾക്കും മൃതദേഹം നാട്ടിലെത്തിക്കുന്നതിനുമായി യുഎസിലെ ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിൽ ഇപ്പോൾ ഓൺലൈൻ വഴി (GoFundMe) ധനസമാഹരണം നടത്തുന്നുണ്ട്.
Indian youth dies after being hit by truck in America.















