
വാഷിംഗ്ടൺ: അമേരിക്കയിലെ ഇന്ത്യാനയിൽ ടിപ്പകാനോ കൗണ്ടി ജഡ്ജി സ്റ്റീവൻ മേയർക്കും ഭാര്യ കിംബർലിക്കും സ്വന്തം വീട്ടിൽ വെച്ച് വെടിയേറ്റു. ഞായറാഴ്ച ലാഫയെറ്റിലെ അവരുടെ വസതിയിലായിരുന്നു സംഭവം. ജഡ്ജി സ്റ്റീവൻ മേയറുടെ കൈക്കും ഭാര്യ കിംബർലിയുടെ ഇടുപ്പിനുമാണ് വെടിയേറ്റത്. ഇരുവരെയും ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ അവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.
അക്രമി വീടിന് മുന്നിലെത്തി തങ്ങളുടെ പക്കൽ ദമ്പതികളുടെ വളർത്തുനായ ഉണ്ടെന്ന് അവകാശപ്പെടുകയും, തുടർന്ന് വാതിലിലൂടെ വെടിയുതിർക്കുകയുമായിരുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
കഴിഞ്ഞ 12 വർഷമായി ടിപ്പകാനോ സുപ്പീരിയർ കോടതി ജഡ്ജിയായി സേവനമനുഷ്ഠിക്കുന്ന സ്റ്റീവൻ മേയർ, ഈ വർഷം അവസാനം വിരമിക്കാനിരിക്കെയാണ് ഈ ആക്രമണം നടന്നത്. ഈ സംഭവത്തെത്തുടർന്ന് ഇന്ത്യാന സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ലൊറെറ്റ റഷ് സംസ്ഥാനത്തെ എല്ലാ ജഡ്ജിമാർക്കും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
വെടിവെപ്പിന് ശേഷം അക്രമി ഒളിവിൽ പോയി. ഹൂഡി ധരിച്ച ഒരാളായിരുന്നു ദമ്പദികളുടെ വീട്ടിലെത്തി അതിക്രമം കാട്ടിയതെന്നും തെരച്ചിൽ തുടരുകയാണെന്നുെ പൊലീസ് അറിയിച്ചു. ലഫായെറ്റ് പൊലീസ്, എഫ്.ബി.ഐ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
Indiana judge and wife shot at home; suspect at large, FBI investigating













