
ഇസ്ലാമാബാദ്: അമേരിക്കയുമായുള്ള നിർണ്ണായക ചർച്ചകൾക്കായി 71 അംഗങ്ങളടങ്ങുന്ന വൻ പ്രതിനിധി സംഘവുമായി ഇറാൻ സംഘം പാകിസ്താനിലെത്തി. ഇറാൻ പാർലമെൻ്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫിൻ്റെ നേതൃത്വത്തിലുള്ള സംഘത്തിൽ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചിയും ഉൾപ്പെടുന്നുണ്ടെന്ന് ഇറാനിയൻ വാർത്താ ഏജൻസിയായ തസ്നിം റിപ്പോർട്ട് ചെയ്തു.
ചർച്ചകളുടെ സങ്കീർണ്ണതയും അതീവ പ്രാധാന്യവും കണക്കിലെടുത്ത് പ്രധാന ചർച്ചാ പ്രതിനിധികൾക്ക് പുറമെ സാങ്കേതിക വിദഗ്ധർ, ഉപദേശക സമിതികൾ, മാധ്യമപ്രവർത്തകർ, സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവരും സംഘത്തിലുണ്ട്. ആണവായുധങ്ങൾ ഉപേക്ഷിക്കുക, സമ്പുഷ്ടീകരിച്ച യുറേനിയം കൈമാറുക, പ്രതിരോധ ശേഷിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക, ഹോർമുസ് കടലിടുക്ക് തുറന്നുകൊടുക്കുക തുടങ്ങിയ 15 നിർദ്ദേശങ്ങളാണ് ട്രംപ് ഭരണകൂടം മുന്നോട്ട് വെച്ചിട്ടുള്ളത്. യുഎസ് പ്രതിനിധി സംഘത്തെ വൈസ് പ്രസിഡൻ്റ് ജെ.ഡി. വാൻസ്, പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്‌കോഫ്, ട്രംപിൻ്റെ മരുമകൻ ജാറെഡ് കുഷ്നർ എന്നിവരാണ് നയിക്കുന്നത്. മേഖലയിലെ സമാധാന ശ്രമങ്ങളിൽ ഈ ചർച്ചകൾ അതീവ നിർണ്ണായകമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
എന്താണ് ഷട്ടിൽ ഡിപ്ലോമസി
അതേസമയം, ഇരുരാജ്യങ്ങളും തമ്മിൽ നേരിട്ടുള്ള ചർച്ചകൾ ഉണ്ടാകില്ല. അമേരിക്കൻ, ഇറാനിയൻ പ്രതിനിധികൾ വ്യത്യസ്ത മുറികളിലായാകും ഇരിക്കുക. പാകിസ്താൻ ഉദ്യോഗസ്ഥർ ഇരുപക്ഷത്തുനിന്നുമുള്ള നിർദ്ദേശങ്ങൾ അങ്ങോട്ടുമിങ്ങോട്ടും കൈമാറുന്ന ‘ഷട്ടിൽ ഡിപ്ലോമസി’ രീതിയാണ് ഇവിടെ സ്വീകരിക്കുന്നത്. മുമ്പ് ഒമാൻ മധ്യസ്ഥത വഹിച്ച ചർച്ചകളിലും സമാനമായ രീതിയായിരുന്നു പിന്തുടർന്നിരുന്നത്. രണ്ട് കക്ഷികൾ തമ്മിൽ നേരിട്ട് സംസാരിക്കാൻ കഴിയാത്തത്ര ശത്രുതയിലോ തർക്കത്തിലോ ആയിരിക്കുമ്പോൾ, ഒരു മധ്യസ്ഥൻ അവർക്കിടയിൽ മാറി മാറി സഞ്ചരിച്ച് ചർച്ചകൾ നടത്തുന്ന രീതിയെയാണ് ഷട്ടിൽ ഡിപ്ലോമസി എന്ന് വിളിക്കുന്നത്. ബാഡ്മിന്റൺ കളിയിലെ ‘ഷട്ടിൽ’ കോർട്ടിൻ്റെ ഇരുവശങ്ങളിലേക്കും അതിവേഗം പായുന്നത് പോലെ, മധ്യസ്ഥൻ രണ്ട് പക്ഷത്തേക്കും നിരന്തരം യാത്ര ചെയ്ത് നിർദ്ദേശങ്ങൾ കൈമാറുന്നതിനാലാണ് ഈ പേര് വന്നത്.
അമേരിക്കൻ പ്രതിനിധികളും ഇറാനിയൻ പ്രതിനിധികളും ഒരേ മുറിയിൽ മുഖാമുഖം ഇരിക്കില്ല. അവർ രണ്ട് വ്യത്യസ്ത മുറികളിലായിരിക്കും ഉണ്ടാവുക. മധ്യസ്ഥരായ പാകിസ്താൻ ഉദ്യോഗസ്ഥർ ഒരു മുറിയിൽ ചെന്ന് അവിടുത്തെ നിർദ്ദേശങ്ങൾ കേൾക്കുകയും, അത് രേഖപ്പെടുത്തി അടുത്ത മുറിയിലുള്ള പ്രതിനിധികൾക്ക് എത്തിച്ചു കൊടുക്കുകയും ചെയ്യും. കടുത്ത ശത്രുതയിലുള്ള രാജ്യങ്ങൾ തമ്മിൽ നേരിട്ട് കാണുമ്പോൾ ഉണ്ടാകാനിടയുള്ള തർക്കങ്ങളും വൈകാരികമായ പ്രതികരണങ്ങളും ഒഴിവാക്കാൻ ഈ രീതി സഹായിക്കുന്നു . പടിപടിയായി ഇരുപക്ഷത്തെയും ഒരു പൊതുവായ ധാരണയിൽ എത്തിക്കുക എന്നതാണ് ഈ ‘അങ്ങോട്ടുമിങ്ങോട്ടുള്ള’ ചർച്ചയുടെ ലക്ഷ്യം.
Iran and America face off in Pakistan, 71 people in Iranian group.















