
ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിന് പുതിയ നിയന്ത്രണങ്ങളും മാർഗനിർദ്ദേശങ്ങളും പ്രഖ്യാപിച്ച് ഇറാൻ. കടലിടുക്കിന് മേൽ പൂർണ്ണ അധികാരം പ്രഖ്യാപിക്കുന്ന തരത്തിൽ ഇറാൻ പാർലമെന്റും സർക്കാരും പുതിയ പ്രോട്ടോകോളിന് അംഗീകാരം നൽകി. യുദ്ധക്കപ്പലുകൾക്കും വ്യാപാര കപ്പലുകൾക്കും പ്രത്യേകം നിർദ്ദേശങ്ങളാണ് പുതിയ നിയമത്തിലുള്ളത്. മേഖലയിൽ ഇറാൻ പിടിമുറുക്കുന്നതിന്റെ ഭാഗമായാണ് ഈ പുതിയ നീക്കം വിലയിരുത്തപ്പെടുന്നത്.
അതേസമയം ഹോർമുസ് കടലിടുക്ക് തുറക്കുന്നതിനായി ബ്രിട്ടന്റെ നേതൃത്വത്തിൽ നടന്ന മുപ്പത്തിയഞ്ചോളം രാജ്യങ്ങളുടെ യോഗം പൂർത്തിയായി. ബാബ് അൽ മന്ദബ് കടലിടുക്കിലെ പ്രശ്നങ്ങളും യോഗത്തിൽ ഗൗരവകരമായി ചർച്ച ചെയ്യപ്പെട്ടു. മേഖലയിലെ സംഘർഷാവസ്ഥ പരിഹരിക്കാൻ അന്താരാഷ്ട്ര തലത്തിൽ നയതന്ത്ര നീക്കങ്ങൾ സജീവമാകുന്നതിനിടെയാണ് ഇറാന്റെ പുതിയ നടപടി ഉണ്ടായിരിക്കുന്നത്.
ഹോർമുസ് കടലിടുക്കിലെ ചരക്കുനീക്കം നിലച്ചതിൽ ഇന്ത്യ കടുത്ത ആശങ്ക രേഖപ്പെടുത്തി. യുകെ വിദേശകാര്യ സെക്രട്ടറി വിളിച്ചുചേർത്ത യോഗത്തിൽ പങ്കെടുത്ത ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി, നയതന്ത്ര നീക്കങ്ങളിലൂടെ സമാധാനം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു. ആക്രമണത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട കാര്യം ചൂണ്ടിക്കാട്ടിയ അദ്ദേഹം, മേഖലയിലെ സുരക്ഷ ഉറപ്പാക്കേണ്ടതിന്റെ അനിവാര്യതയും യോഗത്തിൽ വ്യക്തമാക്കി.
Iran announces new protocol for Strait of Hormuz amid rising tensions; India expresses deep concern














