എതിരാളികൾക്ക് മുന്നറിയിപ്പ്, ഇറാൻ ദേശീയ സുരക്ഷാ കൗൺസിലിന് പുതിയ അമരക്കാരൻ; തീവ്രനിലപാടുകളുള്ള മുഹമ്മദ് ബഖർ സോൾഖാദർ ചുമതലയേറ്റു

ടെഹ്‌റാൻ: ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട അലി ലാരിജാനിക്ക് പകരം ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ തലവനായി ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ മുതിർന്ന കമാൻഡർ മുഹമ്മദ് ബഖർ സോൾഖാദറിനെ നിയമിച്ചു. രാജ്യത്തെ പരമോന്നത സമിതിയുടെ പുതിയ മേധാവിയായി സോൾഖാദറിനെ നിയോഗിച്ച വിവരം പ്രസിഡന്റ് പെസെഷ്കിയാന്റെ ഓഫീസിലെ വാർത്താവിനിമയ വിഭാഗം ഡെപ്യൂട്ടി മെഹ്ദി തബതബായിയാണ് ഔദ്യോഗികമായി അറിയിച്ചത്. രാജ്യം അതീവ വെല്ലുവിളികൾ നേരിടുന്ന ഘട്ടത്തിൽ, വിപ്ലവ ഗാർഡിന്റെ സ്വാധീനം ഭരണകൂടത്തിൽ വർദ്ധിക്കുന്നതിന്റെ സൂചനയായാണ് ഈ നിയമനം വിലയിരുത്തപ്പെടുന്നത്.

നാല് പതിറ്റാണ്ടിലേറെയായി ഇറാന്റെ സൈനിക, ജുഡീഷ്യൽ, സിവിൽ സ്ഥാപനങ്ങളിൽ നിർണ്ണായക പദവികൾ വഹിച്ചിട്ടുള്ള സോൾഖാദർ, ഇസ്‌ലാമിക് റിപ്പബ്ലിക്കിന്റെ ഏറ്റവും വിശ്വസ്തനായ പോരാളികളിൽ ഒരാളായാണ് അറിയപ്പെടുന്നത്. ഇറാൻ-ഇറാഖ് യുദ്ധകാലത്ത് ഐ.ആർ.ജി.സി ഡിവിഷൻ കമാൻഡറായിരുന്ന അദ്ദേഹം, ഇറാഖിലെ കുർദിഷ് വിഭാഗങ്ങൾ ഉൾപ്പെടെയുള്ള അതിർത്തി കടന്നുള്ള അർദ്ധസൈനിക ഗ്രൂപ്പുകളുമായി ബന്ധം സ്ഥാപിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചിരുന്നു. പിന്നീട് റെവല്യൂഷണറി ഗാർഡിന്റെ സെക്കൻഡ് ഇൻ കമാൻഡറായി ഉയർന്ന അദ്ദേഹം, അടുത്ത കാലത്തായി സുപ്രീം ലീഡർക്ക് ഉപദേശം നൽകുന്ന എക്സ്പിഡിയൻസി ഡിസർൺമെന്റ് കൗൺസിലിന്റെ ചുമതലയും വഹിച്ചിരുന്നു.

കൊല്ലപ്പെട്ട പരമോന്നത നേതാവ് അലി ഖമേനിയുടെ അടുത്ത വിശ്വസ്തനായിരുന്ന സോൾഖാദർ, രാജ്യത്തിനകത്തെ പ്രതിപക്ഷ ശബ്ദങ്ങളെയും പ്രതിഷേധങ്ങളെയും അടിച്ചമർത്താൻ ഉപയോഗിക്കുന്ന ബസിജ്, അൻസാർ-ഇ ഹിസ്ബുള്ള തുടങ്ങിയ അർദ്ധസൈനിക വിഭാഗങ്ങളുമായി ചേർന്ന് പ്രവർത്തിച്ചും പരിചയസമ്പന്നനാണ്. ലാരിജാനിയുടെ മരണത്തിന് പിന്നാലെ ഒരു തീവ്രനിലപാടുകാരനെ തന്നെ സുരക്ഷാ തലപ്പത്തേക്ക് കൊണ്ടുവരുന്നത് വഴി, തങ്ങളുടെ ദേശീയ സുരക്ഷാ നയങ്ങളിൽ വിട്ടുവീഴ്ചയില്ലെന്ന ശക്തമായ സന്ദേശമാണ് ഇറാൻ നൽകുന്നത്. മേഖലയിൽ സംഘർഷം മുറുകുന്ന പശ്ചാത്തലത്തിൽ സോൾഖാദറിന്റെ നിയമനം ഇറാന്റെ ഭാവി നീക്കങ്ങളിൽ നിർണ്ണായകമാകും.

More Stories from this section

family-dental
witywide