
വാഷിംഗ്ടൺ: അമേരിക്കൻ ആക്രമണത്തിൽ തകർന്ന ഇറാനിയൻ യുദ്ധക്കപ്പലായ ‘ഡെന’യിലെ വീരമൃത്യു വരിച്ച നാവികർക്ക് ആദരമർപ്പിക്കാൻ ഇറാന്റെ തലസ്ഥാനമായ തഹ്‌റാനിൽ ഇന്ന് വിപുലമായ അനുസ്മരണ ചടങ്ങുകൾ സംഘടിപ്പിക്കുന്നു. നഗരത്തിലെ പ്രധാന സ്ക്വയറുകളിലും പൊതുസ്ഥലങ്ങളിലും ഒത്തുകൂടാൻ ഇറാൻ ഭരണകൂടം ജനങ്ങളോട് ആഹ്വാനം ചെയ്തു. അന്താരാഷ്ട്ര സമുദ്രപരിധിയിൽ വെച്ച് ഈ മാസമാദ്യം അമേരിക്കൻ അന്തർവാഹിനി നടത്തിയ ആക്രമണത്തിലാണ് കപ്പൽ മുങ്ങിയത്.
ശ്രീലങ്കൻ അധികൃതർ നൽകിയ വിവരങ്ങൾ പ്രകാരം, കപ്പലിലുണ്ടായിരുന്ന എൺപതിലധികം ക്രൂ അംഗങ്ങൾ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. സംഭവത്തെത്തുടർന്ന് ശ്രീലങ്കൻ ഏജൻസികൾ രക്ഷാപ്രവർത്തനം നടത്തിയിരുന്നു. അമേരിക്കയുടെ ഈ നീക്കത്തെ ‘മൃഗീയമായ ക്രൂരത’ എന്നാണ് ഇറാൻ വിശേഷിപ്പിച്ചത്. കാണാതായ 20 പേർ ഉൾപ്പെടെ 84 ധീരരായ നാവികരുടെ ഓർമ്മയ്ക്ക് മുന്നിൽ രാജ്യം ഇന്ന് കണ്ണീരോടെ പ്രണമിക്കുകയാണെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
മനുഷ്യത്വവിരുദ്ധമായ ഈ കുറ്റകൃത്യത്തെ താൻ വീണ്ടും അപലപിക്കുന്നുവെന്നും നാവികരുടെ കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തഹ്‌റാനിലെ ഡസൻ കണക്കിന് കേന്ദ്രങ്ങളിൽ നടക്കുന്ന വിടവാങ്ങൽ ചടങ്ങുകളിൽ കൊല്ലപ്പെട്ട നാവികരുടെ കുടുംബാംഗങ്ങളും ഉയർന്ന സൈനിക-ദേശീയ ഉദ്യോഗസ്ഥരും പങ്കെടുക്കുമെന്ന് ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യുഎസ് സൈനിക നടപടിയെത്തുടർന്ന് മേഖലയിൽ സംഘർഷം പുകയുന്നതിനിടെയാണ് ഈ അനുസ്മരണ ചടങ്ങുകൾ നടക്കുന്നത്.










