
ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാന്റെ യുദ്ധക്കപ്പലായ ‘ദേന’യെ യുഎസ് അന്തർവാഹിനി ടോർപ്പിഡോ ഉപയോഗിച്ച് ആക്രമിച്ചു തകർത്തതിന് പിന്നാലെ ശക്തമായ തിരിച്ചടിയുമായി ഇറാൻ. പേർഷ്യൻ ഗൾഫിന്റെ വടക്കൻ മേഖലയിൽ അമേരിക്കൻ എണ്ണക്കപ്പലിന് നേരെ മിസൈൽ ആക്രമണം നടത്തിയതായി ഇറാന്റെ ഇസ്‌ലാമിക് റവല്യൂഷണറി ഗാർഡ് (ഐആർജിസി) അവകാശപ്പെട്ടു. മിസൈൽ ഏറ്റ കപ്പലിൽ വൻ തീപിടുത്തമുണ്ടായതായി ഇറാന്റെ മെഹർ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. തങ്ങളുടെ യുദ്ധക്കപ്പൽ തകർത്തതിന് മണിക്കൂറുകൾക്കുള്ളിൽ പ്രതികാരം ചെയ്യുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ആക്രമണവാർത്തയോട് അമേരിക്കൻ സർക്കാർ ഇതുവരെ പ്രതികരിച്ചിട്ടില്ല.
അതേസമയം, പശ്ചിമേഷ്യയിൽ യുദ്ധസാഹചര്യം കനക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച ചൈന, പ്രശ്നപരിഹാരത്തിനായി മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന് അറിയിച്ചു. സംഘർഷം ലഘൂകരിക്കുന്നതിനായി പശ്ചിമേഷ്യയിലേക്ക് പ്രത്യേക ദൗത്യസംഘത്തെ അയക്കുമെന്ന് ഇന്ത്യയിലെ ചൈനീസ് എംബസി വക്താവ് യൂ ജിൻ വ്യക്തമാക്കി. സമാധാനം പുനഃസ്ഥാപിക്കാൻ ചർച്ചകളും നയതന്ത്ര നീക്കങ്ങളും അനിവാര്യമാണെന്നാണ് ചൈനയുടെ നിലപാട്. മേഖലയിലെ സംഘർഷം ആഗോള എണ്ണവിപണിയെയും സുരക്ഷയെയും ബാധിക്കുമെന്ന ആശങ്ക നിലനിൽക്കെയാണ് ചൈനയുടെ ഈ നീക്കം.
Iran Claims Attack on US Oil Tanker After Sinking of Warship Dena; China Offers Mediation in West Asia Conflict














