റഷ്യയുമായും ചൈന സഹകരിക്കുന്നു, യുഎസിനെ ഞെട്ടിക്കുന്ന അവകാശവാദവുമായി ഇറാൻ; ‘ആയുധ നിർമ്മാണ ശേഷി 250 ശതമാനം വർദ്ധിച്ചു’

ടെഹ്‌റാൻ: യുഎസും ഇസ്രായേലും ചേർന്ന് ഏഴു മാസത്തിലേറെയായി തുടരുന്ന യുദ്ധത്തിനിടയിലും തങ്ങളുടെ ആയുധ-പ്രതിരോധ ഉപകരണ നിർമ്മാണ ശേഷിയിൽ 250 ശതമാനം വർധനവുണ്ടായതായി ഇറാൻ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു. യുദ്ധത്തിന് മുമ്പുണ്ടായിരുന്നതിനേക്കാൾ വലിയ തോതിൽ പ്രതിരോധ ശേഷി ശക്തിപ്പെടുത്താൻ കഴിഞ്ഞതിന് റഷ്യയുമായും ചൈനയുമായുള്ള തന്ത്രപരമായ സഹകരണം വലിയ പങ്കുവഹിച്ചതായും ഇറാൻ വ്യക്തമാക്കി.

റമദാൻ യുദ്ധത്തിന് മുൻപുള്ളതിനേക്കാൾ രാജ്യത്തിന്റെ ആയുധ-പ്രതിരോധ ഉപകരണ ഉൽപ്പാദന ശേഷി രണ്ടര ഇരട്ടിയായി വർദ്ധിച്ചുവെന്നും, ചില പ്രത്യേക ആയുധങ്ങളുടെ കാര്യത്തിൽ ഉൽപ്പാദനം മൂന്ന് മടങ്ങിലധികം ഉയർന്നുവെന്നും ഇറാൻ പ്രതിരോധ മന്ത്രാലയ വക്താവ് ബ്രിഗേഡിയർ ജനറൽ റെസ തലായി-നിക് ചൊവ്വാഴ്ച അറിയിച്ചു. റഷ്യയുമായും ചൈനയുമായുമുള്ള ഇറാന്റെ പ്രതിരോധ സഹകരണത്തിൽ യാതൊരുവിധ കുറവും വന്നിട്ടില്ലെന്നും, മറിച്ച് ചില നിർണായക മേഖലകളിൽ അത് കൂടുതൽ ദൃഢമാവുകയും പുരോഗമിക്കുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമേരിക്കയുടെ ഭാഗത്തുനിന്ന് ഇനി എന്തെങ്കിലും തരത്തിലുള്ള പുതിയ ആക്രമണമുണ്ടായാൽ ശത്രുക്കൾക്ക് മുൻപത്തേക്കാൾ കനത്ത പരാജയം നേരിടേണ്ടി വരുമെന്നും വക്താവ് മുന്നറിയിപ്പ് നൽകി.

എന്നാൽ, വ്യോമാക്രമണങ്ങളിലൂടെ ഇറാന്റെ മിക്ക സൈനിക കേന്ദ്രങ്ങളും ആയുധ നിർമ്മാണ ശാലകളും പൂർണ്ണമായി തകർക്കപ്പെട്ടുവെന്ന നിലപാടിലാണ് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും അദ്ദേഹത്തിന്റെ ഭരണകൂടവും ആവർത്തിച്ച് വ്യക്തമാക്കുന്നത്. ഇറാന്റെ സൈനിക ശേഷി നാമമാത്രമായി ചുരുങ്ങിയെന്ന ട്രംപ് ഭരണകൂടത്തിന്റെ അവകാശവാദങ്ങൾ തള്ളിക്കളഞ്ഞുകൊണ്ടാണ് പ്രതിരോധ ഉൽപ്പാദനം റെക്കോർഡ് നിലവാരത്തിലേക്ക് ഉയർന്നുവെന്ന പ്രഖ്യാപനവുമായി ഇറാൻ രംഗത്തെത്തിയിരിക്കുന്നത്.

More Stories from this section

family-dental
witywide