
ടെഹ്റാൻ: ശനിയാഴ്ച ഇറാനുനേരെ അമേരിക്കയും ഇസ്രായേലും നടത്തിയ ആക്രമണങ്ങളിൽ ഇറാൻ്റെ പ്രതിരോധ മന്ത്രിയും സായുധ സേനാ മേധാവിയും കൊല്ലപ്പെട്ടതായി ഇറാൻ ഔദ്യോഗിക മാധ്യമങ്ങൾ സ്ഥിരീകരിച്ചു. കഴിഞ്ഞ ജൂണിലെ 12 ദിവസത്തെ സംഘർഷത്തിനിടെ മുൻഗാമി കൊല്ലപ്പെട്ടതിനെത്തുടർന്ന് സായുധ സേനയെ നയിച്ചിരുന്ന ലഫ്റ്റനൻ്റ് ജനറൽ അബ്ദുറഹിം മൂസവി ശനിയാഴ്ചത്തെ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി സെമി ഒഫീഷ്യൽ വാർത്താ ഏജൻസിയായ തസ്നീം സ്ഥിരീകരിച്ചു. ഇറാൻ്റെ പ്രതിരോധ മന്ത്രി അസീസ് നസീർസാദെയും കൊല്ലപ്പെട്ടതായി തസ്നീം റിപ്പോർട്ട് ചെയ്തു.
നേരത്തെ, മറ്റ് രണ്ട് പ്രധാന വ്യക്തികളുടെ മരണം കൂടി ഇറാൻ സ്ഥിരീകരിച്ചിരുന്നു: റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (IRGC) തലവൻ മേജർ ജനറൽ മുഹമ്മദ് പക്പൂർ, പ്രതിരോധ കൗൺസിൽ സെക്രട്ടറി അലി ഷംഖാനി എന്നിവരാണവർ.
അതേസമയം, ഇറാൻ്റെ സുരക്ഷാ നേതൃത്വത്തിലെ ഒട്ടുമിക്ക ഉന്നത അംഗങ്ങളും വധിക്കപ്പെട്ടതായി ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ് (IDF) അവകാശപ്പെടുന്നു. പരമോന്നത നേതാവ് ആയത്തുള്ള ഖമേനിയുടെ കൊട്ടാരത്തിന് നേരെയുണ്ടായ സംയുക്ത ഇസ്രായേൽ-യുഎസ് വ്യോമാക്രമണത്തിലാണ് ഇവരുടെ അന്ത്യമുണ്ടായതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആദ്യം ഖമേനി സുരക്ഷിതനാണെന്നും റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നെങ്കിലും പിന്നീട് ഔദ്യോഗികമായി മരണം സ്ഥിരീകരിക്കുകയായിരുന്നു.
Iran confirms that its defense minister and armed forces chief were killed along with Khamenei











