
ടെഹ്‌റാൻ: അമേരിക്കയുമായി നിർണ്ണായകമായ ചർച്ചകൾ നടന്നുവെന്ന പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ അവകാശവാദങ്ങൾ പൂർണ്ണമായും തള്ളി ഇറാൻ വിദേശകാര്യ മന്ത്രാലയം. വാഷിംഗ്ടണും ടെഹ്‌റാനും തമ്മിൽ ചർച്ചകളിൽ പുരോഗതി കൈവരിച്ചുവെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായ് ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഎൻഎ വ്യക്തമാക്കി. കഴിഞ്ഞ 24 ദിവസമായി തുടരുന്ന ‘അടിച്ചേൽപ്പിക്കപ്പെട്ട യുദ്ധത്തിനിടയിൽ’ അമേരിക്കയുമായി യാതൊരുവിധ ചർച്ചകളും നടന്നിട്ടില്ലെന്ന് അദ്ദേഹം ആവർത്തിച്ചു.
സൗഹൃദ രാജ്യങ്ങൾ വഴി യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾക്കായി അമേരിക്കൻ അഭ്യർത്ഥന ലഭിച്ച കാര്യം ബഗായ് സ്ഥിരീകരിച്ചു. എന്നാൽ ഇറാന്‍റെ നിലപാടുകൾക്ക് അനുസൃതമായ മറുപടിയാണ് ഇതിന് നൽകിയതെന്ന് അദ്ദേഹം പറഞ്ഞു. ഇറാന്‍റെ ഊർജ്ജ കേന്ദ്രങ്ങൾക്കോ സുപ്രധാന അടിസ്ഥാന സൗകര്യങ്ങൾക്കോ നേരെ ഏതെങ്കിലും തരത്തിലുള്ള ആക്രമണം ഉണ്ടായാൽ അത് കടുത്ത പ്രത്യാഘാതങ്ങൾ വിളിച്ചുവരുത്തുമെന്ന് അമേരിക്കയ്ക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അത്തരം നീക്കമുണ്ടായാൽ ഇറാന്‍റെ സായുധ സേന അതിശക്തവും പെട്ടെന്നുള്ളതുമായ തിരിച്ചടി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഹോർമുസ് കടലിടുക്കിന്‍റെ കാര്യത്തിലോ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള വ്യവസ്ഥകളിലോ ഇറാന്‍റെ മുൻനിലപാടുകളിൽ മാറ്റമില്ലെന്നും വക്താവ് കൂട്ടിച്ചേർത്തു. നേരത്തെ, ഫ്ലോറിഡയിലെ മാർ-എ-ലാഗോ എസ്റ്റേറ്റിലെ വാരന്ത്യത്തിന് ശേഷം മാധ്യമങ്ങളെ കണ്ട ഡൊണാൾഡ് ട്രംപ് ഇറാനുമായി പ്രധാന കാര്യങ്ങളിൽ ധാരണയിലെത്തിയെന്ന് അവകാശപ്പെട്ടിരുന്നു. അമേരിക്കൻ പ്രതിനിധികൾ ഞായറാഴ്ച വൈകിയും ചർച്ചകൾ നടത്തിയെന്നും അത് വലിയ പുരോഗതിയുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞിരുന്നുവെങ്കിലും, ഇതിനെ പൂർണ്ണമായും തള്ളുന്ന നിലപാടാണ് ഇപ്പോൾ ഇറാൻ സ്വീകരിച്ചിരിക്കുന്നത്.













