യുറേനിയം വിട്ടുകൊടുക്കില്ല ; യുഎസ് മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ തള്ളി ഇറാൻ, തങ്ങളുടെ രാജ്യം പോലെ പ്രധാനമാണ് യുറേനിയമെന്നും പ്രതികരണം

ടെഹ്റാൻ: സമാധാന ചർച്ചകളുടെ ഭാഗമായി ഇറാൻ തങ്ങളുടെ യുറേനിയം ശേഖരം വിദേശത്തേക്ക് മാറ്റാൻ സമ്മതിച്ചെന്ന അമേരിക്കൻ മാധ്യമങ്ങളുടെയും യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെയും അവകാശവാദങ്ങൾ ഇറാൻ വിദേശകാര്യ മന്ത്രാലയം പൂർണ്ണമായി തള്ളി. തങ്ങളുടെ പക്കലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം രാജ്യത്തിന് പുറത്തേക്ക് കൊണ്ടുപോകില്ലെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള മൊജ്തബ ഖമേനി കർശന നിർദ്ദേശം നൽകിയതായി ഇറാൻ്റെ ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചു.

’തങ്ങളുടെ മണ്ണ് രാജ്യത്തിന് എത്രത്തോളം പവിത്രമാണോ, അത്രത്തോളം പ്രധാനപ്പെട്ടതാണ് യുറേനിയം ശേഖരവുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായി വ്യക്തമാക്കി. സമ്പുഷ്ടീകരിച്ച യുറേനിയം അമേരിക്കയ്ക്ക് കൈമാറുന്ന കാര്യം ചർച്ചകളിൽ ഒരിക്കൽ പോലും വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ നടക്കുന്ന ചർച്ചകൾ യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ചാണെന്നും യുറേനിയം കൈമാറ്റം ഇതിൻ്റെ ഭാഗമല്ലെന്നുമാണ് ഇറാൻ്റെ നിലപാട്.

ഇറാൻ യുറേനിയം ശേഖരം വിട്ടൊഴിയാൻ തയ്യാറാണെന്ന് നേരത്തെ ട്രംപ് അവകാശപ്പെട്ടിരുന്നു. എന്നാൽ ഇറാൻ ഇത് പരസ്യമായി നിഷേധിച്ചതോടെ അമേരിക്ക നിലപാട് കടുപ്പിച്ചു. ഇറാൻ്റെ പക്കലുള്ള ഉയർന്ന തോതിൽ സമ്പുഷ്ടീകരിച്ച യുറേനിയം തങ്ങൾ പിടിച്ചെടുത്ത് നശിപ്പിക്കുമെന്നും അത് ഇറാനിൽ അവശേഷിപ്പിക്കില്ലെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. കൂടാതെ, ഹോർമുസ് കടലിടുക്കിലൂടെയുള്ള ഇറാൻ്റെ നീക്കങ്ങൾക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്തുമെന്നും യുഎസ് ഭീഷണി മുഴക്കിയിട്ടുണ്ട്.

ഒമാൻ, പാകിസ്താൻ തുടങ്ങിയ രാജ്യങ്ങളുടെ മധ്യസ്ഥതയിൽ ഇരുരാജ്യങ്ങളും തമ്മിൽ വെടിനിർത്തൽ-സമാധാന ചർച്ചകൾ പുരോഗമിക്കുന്നതിനിടയിലാണ് പുതിയ പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്. തങ്ങളുടെ പ്രതിരോധ ആവശ്യങ്ങൾക്കും മെഡിക്കൽ-ഗവേഷണ ആവശ്യങ്ങൾക്കുമാണ് 60% വരെ സമ്പുഷ്ടീകരിച്ച യുറേനിയം സൂക്ഷിക്കുന്നതെന്നാണ് ഇറാൻ വ്യക്തമാക്കുന്നത്. എന്നാൽ യുറേനിയം ശേഖരം പൂർണ്ണമായി ഒഴിവാക്കാതെ സമാധാന കരാർ സാധ്യമല്ലെന്ന് അമേരിക്കയും ഇസ്രായേലും വാശിപിടിക്കുന്നു. യുറേനിയം കൈമാറിയാൽ ഭാവിയിൽ അമേരിക്കയുടെയോ ഇസ്രായേലിൻ്റെയോ ആക്രമണമുണ്ടായാൽ രാജ്യം കൂടുതൽ ദുർബലമാകുമെന്ന ആശങ്കയിലാണ് ശേഖരം വിട്ടുകൊടുക്കില്ലെന്ന കടുത്ത തീരുമാനത്തിലേക്ക് ഇറാൻ എത്തിച്ചേർന്നത്.

Iran denies US media reports that it will not hand over uranium

More Stories from this section

family-dental
witywide