കടുത്ത നടപടി, ചാരവൃത്തിയാരോപിച്ച് സ്വീഡിഷ് പൗരനെ വധശിക്ഷയ്ക്ക് വിധേയമാക്കി ഇറാൻ; പ്രതിഷേധവുമായി സ്വീഡൻ

ടെഹ്റാൻ: ചാരവൃത്തി ആരോപിച്ച് ഇറാൻ ഭരണകൂടം ഒരു സ്വീഡിഷ് പൗരന്റെ വധശിക്ഷ നടപ്പിലാക്കി. ഇറാനിലെ മനുഷ്യാവകാശ ലംഘനങ്ങളെയും വധശിക്ഷയെയും ശക്തമായി അപലപിച്ചുകൊണ്ട് സ്വീഡിഷ് വിദേശകാര്യ മന്ത്രി മരിയ മൽമർ സ്റ്റെനർഗാർഡ് ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് ഈ വിവരം അറിയിച്ചത്. ഇറാൻ നടത്തിയ വിചാരണ നടപടികൾ സുതാര്യമോ നിയമപരമായി സുരക്ഷിതമോ ആയിരുന്നില്ലെന്ന് സ്വീഡൻ ആരോപിച്ചു. ഇറാനിലെ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ രാജ്യം പോരാട്ടം തുടരുമെന്നും സ്വീഡൻ വ്യക്തമാക്കി.

സ്വീഡൻ ഔദ്യോഗികമായി പേര് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, വധിക്കപ്പെട്ടത് കുറോഷ് കയ്വാനി ആണെന്ന് ഇറാനിയൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു. ഇസ്രായേൽ സർക്കാരിന് വേണ്ടി ചാരവൃത്തി നടത്തിയെന്നും രഹസ്യവിവരങ്ങൾ കൈമാറിയെന്നും ആരോപിച്ചാണ് കഴിഞ്ഞ വർഷം ഇദ്ദേഹത്തെ ഇറാൻ അറസ്റ്റ് ചെയ്തത്. സ്വീഡന്റെയും ഇറാന്റെയും ഇരട്ട പൗരത്വമുള്ള വ്യക്തിയായിരുന്നു കയ്വാനി. 2025 ജൂണിൽ ഇദ്ദേഹം അറസ്റ്റിലായത് മുതൽ വധശിക്ഷ ഒഴിവാക്കണമെന്നും നീതിയുക്തമായ വിചാരണ ഉറപ്പാക്കണമെന്നും സ്വീഡൻ പലതവണ ഇറാനോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും അത് ഫലം കണ്ടില്ല.

2026-ൽ മാത്രം ചാരവൃത്തി ആരോപിച്ച് ഇറാൻ വധശിക്ഷയ്ക്ക് വിധേയനാക്കുന്ന മൂന്നാമത്തെ വ്യക്തിയാണ് കയ്വാനി. കഴിഞ്ഞ വർഷം സമാനമായ കുറ്റാരോപണങ്ങളിൽ ചുരുങ്ങിയത് 13 പേരെങ്കിലും ഇറാനിൽ വധിക്കപ്പെട്ടതായി നോർവേ ആസ്ഥാനമായുള്ള ‘ഇറാൻ ഹ്യൂമൻ റൈറ്റ്സ്’ നിരീക്ഷക സംഘം വെളിപ്പെടുത്തുന്നു. നിലവിൽ നൂറുകണക്കിന് ഇറാനികൾ വധശിക്ഷ കാത്ത് ജയിലുകളിൽ കഴിയുന്നുണ്ടെന്നും ഇതിൽ പലരും രാഷ്ട്രീയ തടവുകാരാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വധിശിക്ഷ എന്നത് ക്രൂരവും മനുഷ്യത്വരഹിതവുമായ ശിക്ഷാ രീതിയാണെന്നും ഒരു സാഹചര്യത്തിലും ഇതിനെ അംഗീകരിക്കാനാവില്ലെന്നും സ്വീഡനും യൂറോപ്യൻ യൂണിയനും സംയുക്തമായി പ്രസ്താവിച്ചു.

More Stories from this section

family-dental
witywide