
യെരവാൻ: ഇറാൻ ആണവായുധങ്ങൾ നിർമ്മിക്കാൻ ലക്ഷ്യമിടുന്നില്ലെന്നും അന്താരാഷ്ട്ര തലത്തിൽ ചർച്ചകൾക്ക് രാജ്യം എപ്പോഴും സന്നദ്ധമാണെന്നും പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ. അർമേനിയൻ തലസ്ഥാനമായ യെരവാനിൽ നടന്ന യു.എൻ ജൈവവൈവിധ്യ ഉച്ചകോടിയുടെ ഭാഗമായി ജോർജിയൻ പ്രധാനമന്ത്രി ഇറാക്ലി കൊബാഖിഡ്സെയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഇറാന് എതിരെ നടക്കുന്ന അന്താരാഷ്ട്ര പ്രചാരണങ്ങൾ വ്യാജമാണെന്നും പെസെഷ്കിയൻ കൂട്ടിച്ചേർത്തു. ഇറാനിയൻ വിമാനക്കമ്പനികൾക്ക് മേൽ യു.എസ് ഏർപ്പെടുത്തിയ ഉപരോധത്തെത്തുടർന്ന് ജോർജിയ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യോമബന്ധം വിച്ഛേദിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ കൂടിക്കാഴ്ച. യു.എസ് ഉപരോധങ്ങൾ അന്യായവും ക്രൂരവുമാണെന്ന് വിശേഷിപ്പിച്ച ഇറാൻ പ്രസിഡന്റ്, സമ്മർദ്ദങ്ങൾക്ക് വഴങ്ങി തങ്ങൾ കീഴടങ്ങില്ലെന്നും വ്യക്തമാക്കി. അതേസമയം, ഇറാനുമായി അടുത്ത ബന്ധം പുലർത്താനാണ് ആഗ്രഹിക്കുന്നതെന്നും യു.എസ് ഉപരോധങ്ങൾ പാലിച്ച് മാത്രമാണ് വിമാന സർവീസുകൾ നിർത്തിവെച്ചതെന്നും ജോർജിയൻ പ്രധാനമന്ത്രി അറിയിച്ചു.
Iran expresses readiness for talks on the nuclear issue; Pezeshkian calls U.S. sanctions cruel.















