ഉയർത്തെഴുന്നേൽക്കാൻ ഇറാൻ, പുതിയ നേതാവിനെ ഉടൻ പ്രഖ്യാപിക്കും; താൽക്കാലിക ഭരണസമിതി നിലവിൽ വന്നു, നേതൃ സമിതിയിലെ അംഗങ്ങളെ അറിയാം

ടെഹ്‌റാൻ: പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വധത്തെത്തുടർന്ന് ഇറാന്റെ ഭരണം നിയന്ത്രിക്കുന്നതിനായി താൽക്കാലിക നേതൃ സമിതി നിലവിൽ വന്നു. ഇറാന്റെ ഭരണഘടനയിലെ ആർട്ടിക്കിൾ 111 അനുസരിച്ചാണ് ഈ സമിതി രൂപീകരിച്ചിരിക്കുന്നത്. പുതിയൊരു നേതാവിനെ തിരഞ്ഞെടുക്കുന്നത് വരെ രാജ്യത്തിന്റെ പരമാധികാരവും സൈനിക-നയതന്ത്ര തീരുമാനങ്ങളും ഈ സമിതിക്കായിരിക്കും.

നേതൃ സമിതിയിലെ അംഗങ്ങൾ

ആയത്തുള്ള അലിറേസ അറാഫി (67): ഗാർഡിയൻ കൗൺസിൽ അംഗവും അസംബ്ലി ഓഫ് എക്സ്പെർട്ട്സ് ഡെപ്യൂട്ടി ചെയർമാനുമായ ഇദ്ദേഹം ഖമേനിയുടെ വിശ്വസ്തനാണ്. സമിതിയിലെ മതപരമായ കാര്യങ്ങൾക്കും നിയമപരമായ മേൽനോട്ടത്തിനും ഇദ്ദേഹം നേതൃത്വം നൽകും.

മസൂദ് പെസെഷ്കിയാൻ (ഇറാൻ പ്രസിഡന്‍റ്): രാജ്യത്തിന്റെ ഭരണനിർവ്വഹണ ചുമതലകൾ ഇദ്ദേഹം വഹിക്കും.

ഗുലാം-ഹുസൈൻ മൊഹ്‌സെനി-എജെയി (ജുഡീഷ്യറി തലവൻ): നീതിന്യായ വ്യവസ്ഥയുടെയും ആഭ്യന്തര സുരക്ഷാ ഏകോപനത്തിന്റെയും ചുമതല ഇദ്ദേഹത്തിനായിരിക്കും.

തിരഞ്ഞെടുപ്പ് നടപടികൾ

ഇറാനിലെ 88 അംഗങ്ങളുള്ള അസംബ്ലി ഓഫ് എക്സ്പെർട്ട്സ് ആണ് പുതിയ പരമോന്നത നേതാവിനെ തിരഞ്ഞെടുക്കേണ്ടത്. രാജ്യം യുദ്ധസാഹചര്യത്തിലൂടെ കടന്നുപോകുന്നതിനാൽ എത്രയും വേഗം (മിക്കവാറും 48 മണിക്കൂറിനുള്ളിൽ) പുതിയ നേതാവിനെ പ്രഖ്യാപിക്കാനാണ് നീക്കം. അലിറേസ അറാഫി തന്നെ പുതിയ പരമോന്നത നേതാവാകാൻ സാധ്യതയുണ്ടെന്ന് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അതേസമയം, ഖമേനിയുടെ മകൻ മോജ്തബ ഖമേനിയുടെ പേരും സജീവമായി പരിഗണിക്കപ്പെടുന്നുണ്ട്. രാജ്യത്തെ സൈനിക വിഭാഗമായ ഐആർജിസി ഈ നേതൃസമിതിയുമായി ചേർന്ന് പ്രത്യാക്രമണ പദ്ധതികൾ ആസൂത്രണം ചെയ്യുകയാണ്. ഖമേനിയുടെ വധം ഇറാൻ ഭരണകൂടത്തിന്റെ അന്ത്യമല്ലെന്നും വ്യവസ്ഥാപിതമായ രീതിയിൽ ഭരണം തുടരുമെന്നും ലോകരാജ്യങ്ങളെ ബോധിപ്പിക്കാനാണ് ഇറാൻ ഇപ്പോൾ ശ്രമിക്കുന്നത്.

More Stories from this section

family-dental
witywide