
ടെഹ്‌റാൻ: തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിന് ഇന്ത്യയുൾപ്പെടെയുള്ള അഞ്ച് സൗഹൃദ രാജ്യങ്ങൾക്ക് ഇളവ് അനുവദിക്കുന്നതായി ഇറാൻ പ്രഖ്യാപിച്ചു. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചിയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ഇന്ത്യയെ കൂടാതെ ചൈന, റഷ്യ, പാക്കിസ്ഥാൻ, ഇറാഖ് എന്നീ രാജ്യങ്ങളെയാണ് ഇറാൻ ‘സൗഹൃദ രാജ്യങ്ങളുടെ’ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഹോർമുസ് കടലിടുക്കിലെ ഗതാഗത നിയന്ത്രണം കാരണം ആഗോളതലത്തിൽ ഇന്ധനവില കുതിച്ചുയരുകയും പല രാജ്യങ്ങളിലും ഊർജ്ജക്ഷാമം രൂക്ഷമാവുകയും ചെയ്ത സാഹചര്യത്തിലാണ് ഇറാൻ്റെ നിർണ്ണായക നീക്കം. ലോകത്തെ മൊത്തം എണ്ണ വ്യാപാരത്തിൻ്റെ 20 ശതമാനത്തോളം കടന്നുപോകുന്ന പാതയാണിത്. ഇറാൻ്റ പുതിയ തീരുമാനത്തോടെ ആഗോള എണ്ണ വിപണിയിൽ വില കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സൗഹൃദ രാജ്യങ്ങളിലെ കപ്പലുകൾക്ക് കടന്നുപോകാമെങ്കിലും കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് ഇറാൻ നിർദ്ദേശിച്ചിട്ടുണ്ട്. ഇറാനോട് ശത്രുത പുലർത്താത്ത രാജ്യങ്ങളുടെ കപ്പലുകൾക്ക് മാത്രമേ അനുമതിയുണ്ടാകൂ.
യാത്രയ്ക്ക് മുൻപായി ഇറാൻ അധികൃതരുമായി കൃത്യമായ ഏകോപനം നടത്തണം.
ഇറാനെതിരായ സൈനിക നീക്കങ്ങളിൽ പങ്കാളികളാകുന്ന കപ്പലുകളെ അനുവദിക്കില്ല.
ഇന്ത്യയുടെ എൽ.പി.ജി, ക്രൂഡ് ഓയിൽ ഇറക്കുമതിയുടെ വലിയൊരു ഭാഗം ഈ പാതയെയാണ് ആശ്രയിക്കുന്നത്. ഇതിനോടകം തന്നെ ‘പൈൻ ഗ്യാസ്’, ‘ജഗ് വസന്ത്’ എന്നീ രണ്ട് ഇന്ത്യൻ കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നതായാണ് റിപ്പോർട്ടുകൾ. ഇന്ത്യയുമായുള്ള ദീർഘകാല നയതന്ത്ര ബന്ധം കണക്കിലെടുത്താണ് ഇറാൻ ഈ മുൻഗണന നൽകിയിരിക്കുന്നത്.
അതേസമയം, ശത്രുരാജ്യങ്ങളുടെ കപ്പലുകൾക്ക് കടലിടുക്കിലൂടെയുള്ള നിരോധനം തുടരുമെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. അന്താരാഷ്ട്ര തലത്തിൽ വലിയ സ്വാധീനം ചെലുത്തുന്ന ഒന്നാണ് ഇറാൻ്റെ ഈ പുതിയ പ്രഖ്യാപനം
Iran grants exemption to friendly countries including India for shipping through Strait of Hormuz; Pakistan also on the list















