ഹോർമുസ് കടലിടുക്ക് കടക്കാൻ കപ്പലുകൾക്ക് 18.8 കോടി രൂപ ഫീസ്, കടുത്ത നീക്കവുമായി ഇറാൻ, ആഗോള എണ്ണവിപണിയിൽ ആശങ്ക

ടെഹ്‌റാൻ: തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് വഴി സഞ്ചരിക്കുന്ന കപ്പലുകൾക്ക് വൻതുക ട്രാൻസിറ്റ് ഫീസ് ഏർപ്പെടുത്തി ഇറാൻ. ഒരു കപ്പലിന് 20 ലക്ഷം യുഎസ് ഡോളർ (ഏകദേശം 18.8 കോടി രൂപ) വീതമാണ് ഇറാൻ ഈടാക്കുന്നത്. മേഖലയിൽ നിലനിൽക്കുന്ന യുദ്ധസമാനമായ സാഹചര്യങ്ങൾക്കിടെയാണ് ഇറാന്റെ ഈ വിവാദ നീക്കം.

ഇസ്രായേൽ-അമേരിക്ക സഖ്യത്തിനെതിരെയുള്ള പോരാട്ടത്തിന് ആവശ്യമായ ഫണ്ട് കണ്ടെത്തുന്നതിൻ്റെ ഭാഗമായാണ് ഈ നടപടിയെന്ന് ഇറാനിയൻ പാർലമെൻ്റംഗം അലാദിൻ ബൊറൂജെർദി വ്യക്തമാക്കി.

കടലിടുക്കിൽ ഒരു പുതിയ “പരമാധികാര ഭരണകൂടത്തിലേക്കുള്ള” മാറ്റമാണിതെന്ന് വിശേഷിപ്പിച്ച ബൊറൂജെർദി, അമേരിക്കയുമായും ഇസ്രായേലുമായും നടന്നുകൊണ്ടിരിക്കുന്ന സംഘർഷത്തിനിടയിൽ ഇറാന്റെ അധികാരത്തെ പ്രതിഫലിപ്പിക്കുന്നു എന്ന് പറഞ്ഞു. “കടലിടുക്ക് കടക്കുന്ന ചില കപ്പലുകളിൽ നിന്ന് 2 മില്യൺ ഡോളർ ഗതാഗത ഫീസായി ഈടാക്കുന്നത് ഇറാന്റെ ശക്തിയെ പ്രതിഫലിപ്പിക്കുന്നു,” അദ്ദേഹം പറഞ്ഞു, “യുദ്ധത്തിന് ചിലവുണ്ട്” എന്നും ഗതാഗത ഫീസ് ന്യായീകരിക്കപ്പെടുന്നുവെന്നും കൂട്ടിച്ചേർത്തു.

ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം കണക്കിലെടുത്ത് ഇന്ത്യൻ കപ്പലുകൾക്ക് ഈ ഫീസിൽ ഇളവ് നൽകിയിട്ടുണ്ട്. വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ നടത്തിയ ചർച്ചകളെത്തുടർന്ന് ചില ഇന്ത്യൻ എൽപിജി കപ്പലുകൾ ഫീസ് നൽകാതെ കടലിടുക്ക് കടന്നതായാണ് റിപ്പോർട്ട്. പാക്കിസ്ഥാനും ഇതേ ഇളവുണ്ട്.

ഇറാനോട് ശത്രുത പുലർത്തുന്ന രാജ്യങ്ങൾ ഒഴികെ മറ്റെല്ലാവർക്കും കടലിടുക്ക് തുറന്നിട്ടുണ്ടെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനും പ്രതികരിച്ചു. “ചരിത്രം സൃഷ്ടിക്കുന്ന ഒരു രാജ്യത്തിൻ്റെ ഇച്ഛാശക്തിക്കെതിരായ നിരാശയാണ് ഇറാനെ ഭൂപടത്തിൽ നിന്ന് മായ്ച്ചുകളയുക എന്ന മിഥ്യാധാരണ കാണിക്കുന്നത്. ഭീഷണികളും ഭീകരതയും നമ്മുടെ ഐക്യത്തെ ശക്തിപ്പെടുത്തുകയേയുള്ളൂ. നമ്മുടെ മണ്ണിനെ ലംഘിക്കുന്നവർ ഒഴികെ മറ്റെല്ലാവർക്കും ഹോർമുസ് കടലിടുക്ക് തുറന്നിരിക്കുന്നു,” അദ്ദേഹം എക്സിലെ ഒരു പോസ്റ്റിൽ പറഞ്ഞു.

അതേസമയം, കടലിടുക്ക് ഉടനടി തുറക്കണമെന്നും കപ്പലുകൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഇറാന് 48 മണിക്കൂർ സമയപരിധി നൽകിയിടരുന്നു. ഇത് ഇന്നവസാനിക്കും.

ലോകത്തെ എണ്ണ ഉൽപാദനത്തിൻ്റെ 20 ശതമാനവും കടന്നുപോകുന്ന പാതയാണിത്. ഇറാൻ്റെ ഈ നീക്കം ആഗോളതലത്തിൽ ഇന്ധനവില വർധിക്കുന്നതിനും കപ്പൽ ഗതാഗത മേഖലയിൽ വലിയ പ്രതിസന്ധികൾക്കും കാരണമായേക്കാം.
ഇറാൻ ഏർപ്പെടുത്തിയ ഈ അപ്രതീക്ഷിത ഫീസ് രാജ്യാന്തര തലത്തിൽ വലിയ പ്രതിഷേധങ്ങൾക്ക് വഴിതെളിച്ചിട്ടുണ്ട്.

Iran imposes Rs 18.8 crore fee on ships to pass through the Strait of Hormuz

More Stories from this section

family-dental
witywide