
പശ്ചിമേഷ്യൻ സംഘർഷത്തിനിടെ ഗൾഫ് അയൽരാജ്യങ്ങളോട് ഇറാൻ ക്ഷമാപണം നടത്തിയതിനെ പരിഹസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്ത്. ഇറാൻ ഇനി മിഡിൽ ഈസ്റ്റിലെ ‘ശക്തി’യല്ലെന്നും മറിച്ച് ‘പരാജയപ്പെട്ട രാജ്യം’ (LOSER) ആണെന്നും ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു. അമേരിക്കയുടെയും ഇസ്രായേലിന്റെയും ശക്തമായ തിരിച്ചടി കാരണമാണ് ഇറാൻ ഇപ്പോൾ കീഴടങ്ങിയതെന്നും ട്രംപ് അവകാശപ്പെട്ടു.
അയൽരാജ്യങ്ങളെ ആക്രമിക്കില്ലെന്നും മുൻപുണ്ടായ ആക്രമണങ്ങളിൽ ക്ഷമ ചോദിക്കുന്നുവെന്നും ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ പ്രസ്താവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപിന്റെ കടന്നാക്രമണം. ആയിരക്കണക്കിന് വർഷത്തെ ചരിത്രത്തിനിടയിൽ ആദ്യമായാണ് ഇറാൻ ഇത്തരത്തിൽ മിഡിൽ ഈസ്റ്റ് രാജ്യങ്ങൾക്ക് മുന്നിൽ തോൽവി സമ്മതിക്കുന്നതെന്ന് ട്രംപ് പരിഹസിച്ചു. ഗൾഫ് രാജ്യങ്ങൾ തനിക്ക് നന്ദി പറയുകയാണെന്നും താൻ അത് സ്വീകരിക്കുന്നുവെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ഇറാൻ പൂർണ്ണമായും തകരുകയോ കീഴടങ്ങുകയോ ചെയ്യുന്നത് വരെ ഈ അവസ്ഥ തുടരുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. ഇറാന്റെ മോശം പെരുമാറ്റം തുടർന്നാൽ ഇതുവരെ പരിഗണിക്കാത്ത മേഖലകളിൽ പോലും കടുത്ത ആക്രമണം നടത്തുന്നത് ആലോചനയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ ഇറാൻ കടുത്ത പ്രതിസന്ധിയിലാണെന്നും പൂർണ്ണമായ തകർച്ചയിലേക്കാണ് രാജ്യം നീങ്ങുന്നതെന്നും അമേരിക്കൻ പ്രസിഡന്റ് തന്റെ കുറിപ്പിലൂടെ വ്യക്തമാക്കി.
“Iran is the Loser of Middle East”: Donald Trump Mocks Iran’s Apology to Gulf Nations













