അമേരിക്കയുടെ പുതിയ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇറാൻ; ആക്രമണമുണ്ടായാൽ കടുത്ത പ്രത്യാഘാതമെന്ന് മുന്നറിയിപ്പ്, ട്രംപിന് മറുപടി

ടെഹ്‌റാൻ: ശനിയാഴ്ച ഇറാനെതിരെ ‘അതിശക്തമായ തിരിച്ചടി’ നൽകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ, തിരിച്ചടിക്കാനായി പുതിയ അമേരിക്കൻ കേന്ദ്രങ്ങൾ കണ്ടെത്തുമെന്ന് മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥൻ സിഎൻഎന്നിനോട് വെളിപ്പെടുത്തി. ഇറാനിലെ ചില ലക്ഷ്യസ്ഥാനങ്ങൾ പൂർണ്ണമായും നശിപ്പിക്കുമെന്നും അവിടെയുള്ളവർക്ക് മരണം ഉറപ്പാണെന്നും ട്രംപ് പ്രസ്താവിച്ചതിന് തൊട്ടുപിന്നാലെയാണ് ഇറാന്റെ ഈ പ്രതികരണം പുറത്തുവന്നത്. ഇറാനിയൻ ജനതയ്‌ക്കെതിരായ യുദ്ധം വ്യാപിപ്പിക്കാനാണ് അമേരിക്ക വ്യക്തമായും ശ്രമിക്കുന്നതെന്ന് ഇറാൻ കുറ്റപ്പെടുത്തി.

ശത്രുപക്ഷത്തുനിന്ന് വിവേകശൂന്യമായ ഏതെങ്കിലും നീക്കമുണ്ടായാൽ, ഇതുവരെ ഇറാന്റെ ലക്ഷ്യസ്ഥാനങ്ങളിൽ ഉൾപ്പെടാത്ത അമേരിക്കൻ മേഖലകൾ, സൈനിക വിഭാഗങ്ങൾ, അവർക്ക് പിന്തുണ നൽകുന്ന ഘടകങ്ങൾ എന്നിവ ഗൗരവമായി പരിശോധിക്കുമെന്ന് ഇസ്ലാമിക് റിപ്പബ്ലിക് ഔദ്യോഗികമായി അറിയിച്ചു. ഇവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ആക്രമണത്തിനായുള്ള ലക്ഷ്യങ്ങളുടെ പട്ടിക വിപുലീകരിച്ചിട്ടുണ്ടെങ്കിലും അവയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളോ ആക്രമണം എപ്പോൾ ആരംഭിക്കുമെന്നോ അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല. ഇരുരാജ്യങ്ങളും തമ്മിലുള്ള വാക്പോര് മുറുകുന്നത് മേഖലയിൽ വലിയ യുദ്ധഭീതിയാണ് സൃഷ്ടിച്ചിരിക്കുന്നത്.

More Stories from this section

family-dental
witywide