
ടെഹ്റാൻ: ഇറാനിലെ പ്രതിഷേധക്കാർക്ക് നേരെ സൈനിക നടപടിയുണ്ടായാൽ അമേരിക്കൻ ഇടപെടലുണ്ടാകുമെന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണിയെ പരിഹസിച്ച് ഇറാൻ രംഗത്തെത്തി. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ മുതിർന്ന ഉപദേശകൻ അലി ഷംഖാനിയാണ് ട്രംപിന് മറുപടിയുമായി എത്തിയത്. ഇറാഖിലും അഫ്ഗാനിസ്ഥാനിലും ഗാസയിലും അമേരിക്ക നടത്തിയ ‘രക്ഷാപ്രവർത്തനങ്ങളുടെ’ ഗതി എന്താണെന്ന് ഇറാനിലെ ജനങ്ങൾക്ക് നന്നായി അറിയാമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ട്രംപിന്റെ ഭീഷണികൾ വെറും സാഹസികത മാത്രമാണെന്നും സ്വന്തം സൈനികരുടെ സുരക്ഷയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് അമേരിക്കയ്ക്ക് നല്ലതെന്നും ഷംഖാനി തിരിച്ചടിച്ചു.
അഫ്ഗാനിസ്ഥാനിൽ രണ്ട് പതിറ്റാണ്ട് കാലം നിലയുറപ്പിച്ച ശേഷം 2021-ൽ അമേരിക്കൻ സൈന്യത്തിന് പെട്ടെന്ന് പിന്മാറേണ്ടി വന്ന സാഹചര്യം ഷംഖാനി ചൂണ്ടിക്കാട്ടി. താലിബാന് വേണ്ടി ദശലക്ഷക്കണക്കിന് ആയുധങ്ങളും സൈനിക ഉപകരണങ്ങളും ഉപേക്ഷിച്ചാണ് അന്ന് വാഷിംഗ്ടൺ മടങ്ങിയതെന്ന് അദ്ദേഹം പരിഹസിച്ചു. സമാനമായ രീതിയിൽ ഇറാഖിൽ നിന്നുള്ള അമേരിക്കൻ പിന്മാറ്റം ഐഎസിന്റെ വളർച്ചയ്ക്കും വർഷങ്ങൾ നീണ്ട രക്തച്ചൊരിച്ചിലിനും കാരണമായ കാര്യവും അദ്ദേഹം ആവർത്തിച്ചു. ഇത്തരം പരാജയപ്പെട്ട ചരിത്രങ്ങൾ മുൻപിലുള്ളപ്പോൾ ഇറാന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ വരുന്നത് വിവേകശൂന്യമാണെന്ന നിലപാടാണ് ഇറാൻ ഉയർത്തുന്നത്.
രാജ്യത്തിന്റെ സുരക്ഷ തങ്ങളുടെ റെഡ് ലൈൻ ആണെന്നും അതിൽ തൊട്ടുള്ള കളി അനുവദിക്കില്ലെന്നും എക്സ് പ്ലാറ്റ്‌ഫോമിലൂടെ നൽകിയ മുന്നറിയിപ്പിൽ ഷംഖാനി വ്യക്തമാക്കി. ഇറാന്റെ സുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള ഏതൊരു വിദേശ ഇടപെടലും അത് സംഭവിക്കുന്നതിന് മുൻപ് തന്നെ അടിച്ചമർത്തുമെന്നും അത് അമേരിക്കയ്ക്ക് കനത്ത തിരിച്ചടിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി ഉയർത്തുന്ന തരത്തിലുള്ള പ്രസ്താവനകളുമായി ഇരുരാജ്യങ്ങളും മുന്നോട്ട് പോകുന്നത് ആഗോളതലത്തിൽ വലിയ ആശങ്കയ്ക്ക് കാരണമായിരിക്കുകയാണ്.















