
ടെഹ്റാൻ : ഹോർമുസ് കടലിടുക്ക് തുറന്നുനൽകിയില്ലെങ്കിൽ ഇറാനിലെ വൈദ്യുതി നിലയങ്ങളും പാലങ്ങളും തകർക്കുമെന്ന യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ അന്ത്യശാസനത്തിന് മറുപടിയായി ലോകമെമ്പാടുമുള്ള ഇറാൻ എംബസികൾ പരിഹാസവുമായി രംഗത്തെത്തി. ട്രംപിൻ്റെ സോഷ്യൽ മീഡിയ പോസ്റ്റുകളിലെ പരുക്കൻ ഭാഷയെയും ഭീഷണികളെയും ട്രോളുകളിലൂടെയും മീമുകളിലൂടെയുമാണ് ഇറാൻ നയതന്ത്ര പ്രതിനിധികൾ നേരിട്ടത്.
ട്രംപിൻ്റെ വാക്കുകൾ തരംതാണതാണെന്നും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിക്കുന്നത് യുദ്ധക്കുറ്റമാണെന്നും അവർ ഓർമ്മിപ്പിച്ചു. “ട്രംപിൻ്റെ പ്രസംഗങ്ങളിൽ നിന്ന് 18 വയസ്സിൽ താഴെയുള്ള കുട്ടികളെ മാറ്റി നിർത്തുക” എന്നും ഇറാൻ്റെ ഓസ്ട്രിയൻ എംബസി പരിഹസിച്ചു.
“അസഭ്യം പറയുന്നതും അപമാനിക്കുന്നതും തോൽവി സമ്മതിക്കാൻ മനസ്സില്ലാത്ത വാശിക്കാരെപ്പോലെ പെരുമാറുന്നതുമാണ്. സ്വയം നിയന്ത്രിക്കൂ കിളവാ!” എന്നായിരുന്നു ഇന്ത്യയിലെ ഇറാൻ എംബസിയുടെ പോസ്റ്റ്.
അമേരിക്കൻ ഭരണഘടനയിലെ 25-ാം ഭേദഗതി (ഭരിക്കാൻ യോഗ്യനല്ലാത്ത പ്രസിഡൻ്റിനെ നീക്കം ചെയ്യാനുള്ള വ്യവസ്ഥ) പ്രകാരം ട്രംപിനെ നീക്കുന്നതിനെക്കുറിച്ച് ചിന്തിക്കണമെന്നായിരുന്നു ദക്ഷിണാഫ്രിക്കയിലെ ഇറാൻ എംബസി കുറിച്ചത്.
ട്രംപിൻ്റെ പോസ്റ്റിൻ്റെ സ്ക്രീൻഷോട്ട് പങ്കുവെച്ചുകൊണ്ട് “ടൈഗർ.. ഒന്ന് അടങ്ങൂ, ശാന്തനാകൂ” (Take it easy, tiger. Keep your cool) എന്ന് ബൾഗേറിയയിലെ ഇറാൻ എംബസി പോസ്റ്റ് ചെയ്തു.
“മിണ്ടാതിരുന്ന് താൻ വിഡ്ഢിയാണെന്ന് മറ്റുള്ളവരെക്കൊണ്ട് തോന്നിപ്പിക്കുന്നതാണ്, വായ തുറന്ന് അത് തെളിയിക്കുന്നതിനേക്കാൾ നല്ലത്” എന്ന പ്രശസ്തമായ പഴഞ്ചൊല്ല് ഉദ്ധരിച്ചാണ് യുകെയിലെ ഇറാൻ എംബസി പ്രതികരിച്ചത്.
“ട്രംപ്, ദയവായി സംസാരിക്കൂ, ഞങ്ങൾക്ക് ബോറടിക്കുന്നു” എന്നായിരുന്നു സിംബാബ്‌വെയിലെ എംബസിയുടെ പരിഹാസം.
ചൊവ്വാഴ്ച രാത്രി എട്ട് മണിക്കുള്ളിൽ ഹോർമുസ് കടലിടുക്ക് തുറന്നില്ലെങ്കിൽ ഇറാനിൽ നരകമഴ പെയ്യുമെന്നായിരുന്നു ട്രംപിൻ്റെ ഭീഷണി. എന്നാൽ ഈ അന്ത്യശാസനത്തെ തള്ളിക്കളഞ്ഞ ഇറാൻ, സമ്മർദ്ദത്തിന് വഴങ്ങി ചർച്ചയ്ക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതിനിടെ ചർച്ചകളിൽ പുരോഗതിയുണ്ടെന്നും ഉടമ്പടിക്ക് സാധ്യതയുണ്ടെന്നും ട്രംപ് പിന്നീട് മാറ്റി പറയുകയും ചെയ്തു.
Iran mocks Trump’s threat to open Hormuz












