
വാഷിംഗ്ടൺ/ടെഹ്‌റാൻ: അമേരിക്കയും ഇറാനും തമ്മിലുള്ള പിരിമുറുക്കം ചരിത്രത്തിലെ ഏറ്റവും ഗുരുതരമായ ഘട്ടത്തിലേക്ക് മാറുന്നു. ‘യുഎസ്എസ് എബ്രഹാം ലിങ്കൺ’ വിമാനവാഹിനി കപ്പലിന്‍റെന്യ നേതൃത്വത്തിലുള്ള അമേരിക്കൻ നാവികസേന അറബിക്കടലിൽ സ്ഥാനം പിടിച്ചതോടെ, ഇറാൻ തങ്ങളുടെ ആണവ സൗകര്യങ്ങൾ കൂടുതൽ ആഴത്തിലുള്ള ഭൂഗർഭ സ്ഥലങ്ങളിലേക്ക് മാറ്റിത്തുടങ്ങിയതായി പുതിയ ഉപഗ്രഹ ചിത്രങ്ങൾ വെളിപ്പെടുത്തുന്നു.
മിഡിൽ ഈസ്റ്റിലെ സുരക്ഷയുടെ പേര് പറഞ്ഞ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വിന്യസിച്ച യുഎസ്എസ് എബ്രഹാം ലിങ്കൺ സ്ട്രൈക്ക് ഗ്രൂപ്പ് ഇറാൻ തീരത്തിനടുത്ത് തന്നെ നിലയുറപ്പിച്ചിരിക്കുകയാണ്. ഇതിന് പ്രതികരണമായി ഇറാൻ നൂറുകണക്കിന് മിസൈൽ ബോട്ടുകളെ കടലിലിറക്കിയിട്ടുണ്ട്. ഇറാന്റെ സ്വന്തം ഡ്രോൺ വാഹക കപ്പലായ ‘ഷാഹിദ് ബഗേരി’ ബന്ദർ അബ്ബാസ് തീരത്ത് നിന്ന് ആറ് കിലോമീറ്റർ അകലെ തയ്യാറാക്കിയിട്ടുണ്ട്. ഒരേ സമയം 60 വരെ ഡ്രോണുകൾ വഹിക്കാൻ ശേഷിയുള്ളതാണ് ഈ കപ്പൽ.
ഇസ്ഫഹാൻ ആണവ കേന്ദ്രത്തിലേക്കുള്ള തുരങ്ക പ്രവേശന കവാടങ്ങൾ വലിയ അളവിൽ മണ്ണിട്ട് മൂടുന്ന പ്രവർത്തനം നടക്കുന്നതായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ഇന്റർനാഷണൽ സെക്യൂരിറ്റി കണ്ടെത്തിയിട്ടുണ്ട്. 2025 ജൂണിൽ അമേരിക്കയും ഇസ്രായേലും ചേർന്ന് നടത്തിയ വ്യോമാക്രമണങ്ങളിൽ ആണവ സൗകര്യങ്ങൾക്ക് വൻ നാശനഷ്ടം സംഭവിച്ചിരുന്നു. അത്തരം ആക്രമണങ്ങൾ വീണ്ടും ഉണ്ടാകാതിരിക്കാൻ കൂടുതൽ സുരക്ഷിതമായ രീതിയിൽ ആണവ കേന്ദ്രങ്ങളെ ഭൂമിക്കടിയിലേക്ക് മാറ്റുകയാണ് ഇറാൻ.









