
ടെഹ്റാൻ: അമേരിക്ക ഇറാനെതിരെ സൈനിക നടപടിക്ക് മുതിർന്നാൽ അതിനെ ശക്തമായി നേരിടാൻ തങ്ങൾ സജ്ജമാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുടെ മുന്നറിയിപ്പ്. അൽ ജസീറയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇറാന്‍റെ നിലപാട് വ്യക്തമാക്കിയത്. “അമേരിക്ക തങ്ങളുടെ സൈനിക ശേഷി പരിശോധിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അതിനും ഞങ്ങൾ തയ്യാറാണ്. മുൻപ് അവർ ഇത് പരീക്ഷിച്ചതാണെന്നും എന്നാൽ ഫലമുണ്ടായില്ലെന്നും” അദ്ദേഹം ഓർമ്മിപ്പിച്ചു. കഴിഞ്ഞ ജൂണിൽ ഇസ്രായേലുമായി നടന്ന 12 ദിവസത്തെ യുദ്ധത്തേക്കാൾ മികച്ച രീതിയിൽ ഏത് ആക്രമണത്തെയും നേരിടാൻ ഇറാൻ ഇപ്പോൾ പ്രാപ്തമാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഇറാനിൽ തുടരുന്ന ആഭ്യന്തര പ്രക്ഷോഭങ്ങളെ അടിച്ചമർത്താൻ സർക്കാർ ബലപ്രയോഗം നടത്തിയാൽ സൈനികമായി ഇടപെടുമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് മറുപടിയായാണ് അരാഗ്ചിയുടെ പ്രസ്താവന. ജനുവരി എട്ടിന് പ്രതിഷേധക്കാർക്കെതിരെ നടന്ന നടപടികൾ ഇസ്രായേലുമായി നടന്ന യുദ്ധത്തിന്‍റെ തുടർച്ചയാണെന്നും പ്രതിഷേധക്കാരിൽ പലരും ഇസ്രായേലുമായി ബന്ധമുള്ളവരാണെന്നും ഇറാൻ ആരോപിക്കുന്നു. ഇറാന്‍റെ ആഭ്യന്തര കാര്യങ്ങളിൽ പുറത്തുനിന്നുള്ള ശക്തികൾ ഇടപെടുന്നു എന്നതാണ് അവരുടെ പ്രധാന വാദം.
അതേസമയം, യുദ്ധത്തിന് താല്പര്യമില്ലെന്നും നയതന്ത്ര ചർച്ചകൾക്ക് തങ്ങൾ ഇപ്പോഴും തയ്യാറാണെന്നും അരാഗ്ചി വ്യക്തമാക്കി. അമേരിക്ക ബുദ്ധിപരമായ ഒരു തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശനിയാഴ്ച ഇറാൻ അധികൃതർ ചർച്ചകൾക്കായി തന്നെ ബന്ധപ്പെട്ടതായി ഡോണൾഡ് ട്രംപും സ്ഥിരീകരിച്ചിട്ടുണ്ട്. എങ്കിലും, ഒരു വശത്ത് ചർച്ചകൾ നടക്കുമ്പോഴും മറുവശത്ത് സൈനിക നീക്കത്തിനുള്ള സാധ്യതകളും അമേരിക്ക ഗൗരവമായി പരിശോധിക്കുന്നുണ്ട്. പശ്ചിമേഷ്യയിൽ വീണ്ടും ഒരു യുദ്ധമുണ്ടാകുമോ എന്ന ആശങ്കയിലാണ് ഇപ്പോൾ ലോകരാജ്യങ്ങൾ.














